മന്ത്രിസഭാ യോഗം : സ്വകാര്യമേഖലക്ക് കരുത്ത് പകരും

മനാമ: ഹിജ്റ വര്‍ഷാരംഭത്തിന്‍െറ പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, അറബ്-മുസ്ലിം ഭരണാധികാരികള്‍, ബഹ്റൈനിലെയും ഇതര രാജ്യങ്ങളിലെയും ഇസ്ലാമിക സമൂഹം എന്നിവര്‍ക്ക് മന്ത്രിസഭ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. 
ഇപ്രാവശ്യത്തെ ഹജ്ജ് സംഘാടനം മികച്ച രീതിയിലായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. ആരോഗ്യ-ചികിത്സാ സേവനങ്ങള്‍ക്കായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കിയ മെഡിക്കല്‍ മിഷന്‍ അംഗങ്ങള്‍ക്കും ആരോഗ്യ മന്ത്രിക്കും നന്ദി അറിയിച്ചു. കമ്പനികളുടെ ഓഹരികളും കരാറുകളുമായി ബന്ധപ്പെട്ട നിയമത്തില്‍ കാലോചിതമായ പരിഷ്കരണം വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുവഴി സ്വകാര്യ മേഖലക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്നും നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ അതിന് വഴിയൊരുങ്ങുമെന്നും സഭ പ്രത്യാശ പ്രകടിപ്പിച്ചു. 
കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ‘ഗവണ്‍മെന്‍റ് ഫോറം’ സ്വദേശികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നതായിരുന്നു. വിദ്യാഭ്യാസ പരിശീലന മേഖലയുടെ നവീകരണം സംബന്ധിച്ച് ഉപപ്രധാനമന്ത്രി അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് നിരവധി നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 2016 രണ്ടാം പാദത്തിലെ തൊഴില്‍ വിപണി റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ സ്വദേശികളുടെ വേതനം ഈ വര്‍ഷം 22 ശതമാനം വര്‍ധിച്ചതായി പറയുന്നു. മൊത്തം തൊഴില്‍ശക്തി 6.3 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സ്വകാര്യ മേഖലയില്‍ 1,36,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഇതില്‍ 44,000 അവസരങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായതാണ്. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികള്‍ ആകര്‍ഷിക്കപ്പെടുന്നത് രാജ്യത്തെ സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അംഗങ്ങള്‍ വ്യക്തമാക്കി. കടല്‍ നികത്തിയെടുത്ത സ്ഥലങ്ങള്‍ പാര്‍പ്പിട പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്ന നിര്‍ദേശം ചര്‍ച്ചക്കായി പാര്‍ലമെന്‍റിന് കൈമാറും. പാര്‍ലമെന്‍റ് മുന്നോട്ട് വെച്ച മൂന്നു നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും തുടര്‍ നടപടികള്‍ക്കായി മന്ത്രിതല നിയമ സമിതിക്ക് വിടുകയും ചെയ്തു. 
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അവാര്‍ഡിന്‍െറ സ്വീകാര്യത ശ്രദ്ധേയമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിന്  മന്ത്രിസഭ ആശംസകള്‍ അറിയിച്ചു. സഭാതീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.