പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അവാര്‍ഡ് പ്രഫ. അന്ന തിബെയ്ജുകക്ക് സമ്മാനിച്ചു

മനാമ: സുസ്ഥിര വികസനത്തിനായുള്ള പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അവാര്‍ഡ് താന്‍സാനിയ മുന്‍ ഭൂമി-പാര്‍പ്പിട മന്ത്രിയും യു.എന്‍.മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ പ്രഫ.അന്ന തിബെയ്ജുകക്ക് സമ്മാനിച്ചു. 
ന്യൂയോര്‍കിലെ യു.എന്‍.ആസ്ഥാനത്ത് 71ാമത് പൊതുസഭക്കിടെ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമര്‍പ്പിച്ചത്. 
പൊതുസഭയുടെ ഇത്തവണത്തെ അധ്യക്ഷന്‍ പീറ്റര്‍ തോംസണ്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈത്, ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലതീഫ് ബിന്‍ റാഷിദ് അസ്സയാനി, യു.എന്‍.ഡി.പി അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക്, പ്രിന്‍സസ് ബസ്മ ബിന്‍ത് സൗദ് ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ സൗദ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 
 അവാര്‍ഡ് സമര്‍പ്പണ വേളയില്‍ പ്രൊഫ.അന്ന തിബെയ്ജുകയെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അഭിനന്ദിച്ചു.  ആഗസ്റ്റ് അവസാനമാണ് അവാര്‍ഡ് സംബന്ധിച്ച  സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രി അംഗീകരിച്ചത്. പ്രത്യേക അവാര്‍ഡ് കമ്മിറ്റിയാണ് ഇവരുടെ പേര് ശിപാര്‍ശ ചെയ്തത്. സുസ്ഥിര വികസനത്തിനായി പ്രഫ.അന്ന തിബെയ്ജുക നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 
വിവിധ പദവികള്‍ അലങ്കരിച്ചപ്പോഴെല്ലാം അവര്‍ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തിയിരുന്നു. 
സുസ്ഥിര വികസനത്തിനായി ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍  പ്രഫ.അന്ന തിബെയ്ജുക ശ്രമിച്ചതായി വിലയിരുത്തപ്പെട്ടു. 
ഇക്കാര്യം പരിഗണിച്ച് അവര്‍ക്ക് മുമ്പും നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 
2007ല്‍ ജനീവയില്‍ വെച്ചാണ് സുസ്ഥിര വികസനത്തിനായുള്ള പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അവാര്‍ഡ് ആദ്യമായി പ്രഖ്യാപിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.