??????? ???????? ????? ????????????????????? ??????

വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃത മാറ്റങ്ങള്‍ വേണമെന്ന് മന്ത്രിസഭ

മനാമ: ബലി പെരുന്നാള്‍ വേളയില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ക്കും ബഹ്റൈന്‍ ജനതക്കും ആശംസകള്‍ നേര്‍ന്നു. 
തീര്‍ഥാടകര്‍ക്ക് സാര്‍ഥകമായ രീതിയില്‍ ഹജ്ജ് പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി, വിവിധ രാജ്യങ്ങളില്‍ നിന്ന് മക്കയിലും മദീനയിലുമത്തെുന്നവര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്‍െറ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു. പുതിയ അധ്യയവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേരുന്നതായും ഗുദൈബിയ പാലസില്‍ ചേര്‍ച്ച മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. 
പുതിയ കാലത്തിനനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വിദ്യാഭ്യാസ മന്ത്രാലയവും അക്കാദമിക്-ഭരണനേതൃത്വവും ശ്രമിക്കണം. സ്കൂള്‍ കരിക്കുലം വികസിപ്പിക്കണം. കുട്ടികള്‍ക്ക് പൗരബോധവും മുല്യങ്ങളും പകര്‍ന്നു നല്‍കണം. 
സാങ്കേതിക വിദ്യയില്‍ വന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് പ്രതിഫലിക്കണം. പ്രത്യേക പരിഗണനവേണ്ട കുട്ടികള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ക്ളാസുകള്‍ ക്രമീകരിക്കണം. സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് ഭാവിയിലും പിന്തുണ നല്‍കും. ലോകത്തിലെ മികച്ച സര്‍വകലാശാലകളുമായി ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാധിക്കണം. 
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലുള്ളവരുടെ സാധ്യതകള്‍ വികസിപ്പിക്കണം. ഇതുവഴി ഈ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കാനാകും. 
പുതിയ അക്കാദമിക വര്‍ഷത്തിലെ പദ്ധതികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസന്‍േറഷനുശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 
 സനാബിസ്, ബിലാദല്‍ ഖദീം, സിഞ്ച് എന്നിവിടങ്ങളിലുള്ളവരുടെ വീടുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഭവന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ടൂബ്ളി ഭവന പദ്ധതിയില്‍ നിന്ന് ഈ മേഖലയിലുള്ളവര്‍ക്ക് വീട് അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ പഠനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചാരിറ്റി രംഗത്തുള്ള സൊസൈറ്റികളുടെയും മറ്റും പ്രവര്‍ത്തനം ശ്ളാഖനീയമാണ്. 
ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സകാത്ത് ഫണ്ടിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇസ്ലാമിക, നീതിന്യായ, എന്‍ഡോവ്മെന്‍റ് മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. 
ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ടിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. വിമാനത്താവള വികസനം സംബന്ധിച്ച് ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി പ്രസന്‍േറഷന്‍ നടത്തി. 
വിമാനത്താവളത്തിലെ ലൈസന്‍സിങ് നടപടികള്‍, വിവിധ സേവനങ്ങള്‍, കാലാവസ്ഥാ സേവനങ്ങള്‍ തുടങ്ങിയവക്കുള്ള ഫീസ് വര്‍ധിപ്പിക്കുന്ന കാര്യവും മന്ത്രിയുടെ പ്രസന്‍േറഷനില്‍ ഉള്‍പ്പെട്ടിരുന്നു. 
നഗരവികസന രംഗത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഈ രംഗത്തുള്ള വളര്‍ച്ചയില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്‍െറ വികസനത്തിന് സഹായകമാകത്തക്ക രീതിയില്‍ ബഹ്റൈനിലെ യുവജനങ്ങളുടെ കഴിവ് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.