മനാമ: ബഹ്റൈനിലെ ബ്രിട്ടീഷ് റോയല്‍നേവി കേന്ദ്രം മിന സല്‍മാനില്‍ നവംബറില്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഡെയ്ലി മെയില്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാലുദശാബ്ദത്തിനുശേഷം മിഡില്‍ ഈസ്റ്റിലെ ബ്രിട്ടന്‍െറ ആദ്യ സ്ഥിരം നാവിക കേന്ദ്രമായി ഇത് മാറും. ഈ കേന്ദ്രത്തില്‍ യു.കെയുടെ 600ഓളം നാവികരുണ്ടാകുമെന്നും ചാള്‍സ് രാജകുമാരനാകും ഇതിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത് മിഡില്‍ ഈസ്റ്റിലെ ബ്രിട്ടന്‍െറ നിര്‍ണായ കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അറേബ്യന്‍ ഗള്‍ഫ് പ്രദേശത്ത് അവര്‍ക്ക് സ്വാധീനം വര്‍ധിക്കുകയും ചെയ്യും.
ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണയും വാതകവും കൊണ്ടുപോകുന്ന കപ്പലുകള്‍ക്ക് ഈ കേന്ദ്രം സംരക്ഷണമൊരുക്കും. ഐ.എസ് വിരുദ്ധപോരാട്ടത്തിലും മേഖലയിലെ ഭീകരവിരുദ്ധ മുന്നേറ്റത്തിലും ഇത് നിര്‍ണായകമാകും.
അത്യാധുനിക പടക്കോപ്പുകള്‍ ഉപയോഗിക്കാവുന്ന നാവികസേനാ കപ്പലുകള്‍ ഇവിടെയുണ്ടാകും.
വിവിധ ദൗത്യങ്ങള്‍ക്ക് ശേഷം യു.കെ.യിലേക്ക് തിരികെ പോകേണ്ടതില്ല എന്നതിനാല്‍ നാവിക കേന്ദ്രം വരുന്നതോടെ പ്രതിരോധ മന്ത്രാലയത്തിന് കോടികള്‍ ലാഭിക്കാനാകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
മിന സല്‍മാനില്‍ നടന്ന കേന്ദ്രത്തിന്‍െറ തറക്കല്ലിടല്‍ വേളയില്‍ യു.കെ.മുന്‍ വിദേശകാര്യ മന്ത്രി ഫിലിപ്പ് ഹാമണ്ട് പങ്കെടുത്തിരുന്നു. 2014ല്‍ ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.