മന്ത്രിസഭായോഗം : ഹമദ് രാജാവിന്‍െറ പ്രസംഗം; നിര്‍ദേശങ്ങള്‍ നടപ്പാക്കും 

മനാമ: ദേശീയ അസംബ്ളിയുടെ മൂന്നാംഘട്ട യോഗത്തിന്‍െറ ഉദ്ഘാടന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ജനാധിപത്യ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അംഗങ്ങള്‍ സംസാരിച്ചു. ജനങ്ങള്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്‍െറ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും പരിശ്രമിക്കണമെന്ന് ഹമദ് രാജാവ് പറഞ്ഞിരുന്നു. 
ഇതനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കാബിനറ്റ് തീരുമാനിച്ചു. പാര്‍ലമെന്‍റും ഗവണ്‍മെന്‍റും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളര്‍ച്ചയില്‍ ‘ഇക്കണോമിക് വിഷന്‍ 2030’  ലക്ഷ്യമിട്ട കാര്യങ്ങള്‍ നേടുന്നതിനും ശ്രമിക്കണമെന്ന് കിരീടാവകാശി പറഞ്ഞു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ തായ്ലന്‍റ് സന്ദര്‍ശനവും വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളില്‍ ഒപ്പുവെച്ചതും നേട്ടമാണെന്ന് വിലയിരുത്തി. 
തായ്ലന്‍റില്‍ നടന്ന ഏഷ്യ സഹകരണ ഉച്ചകോടിയിലെ അദ്ദേഹത്തിന്‍െറ പങ്കാളിത്തവും ശ്രദ്ധേയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളുമായി സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ വിവിധ നേതാക്കളുമായി നടത്തിയിരുന്നു. 
തായ്ലന്‍റ് രാജാവ് ഭൂമിബോല്‍ അതുല്യദേജിന്‍െറ നിര്യാണത്തില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. ആശൂറാ ദിനാചരണം വിജയിപ്പിക്കുന്നതില്‍ പങ്കാളികളായ സുരക്ഷാ സൈനികര്‍, മഅ്തം ഭാരവാഹികള്‍, ജഅ്ഫരീ ഒൗഖാഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക് നന്ദി രേഖപ്പെടുത്തി. 
സമാധാനാന്തരീക്ഷത്തില്‍ ദിനാചരണം നടത്താന്‍ കഴിഞ്ഞത് രാജ്യത്തിന്‍െറ യശസ്സ് വര്‍ധിപ്പിക്കാനിടയായതായി യോഗം വിലയിരുത്തി. 
തുര്‍ക്കിയുമായുള്ള ബഹ്റൈന്‍ ബന്ധം ശക്തിപ്പെടുത്താന്‍ ഹമദ് രാജാവിന്‍െറ സന്ദര്‍ശനം കാരണമായിട്ടുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ഉപപ്രധാധനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.  പുതിയ ദേശീയ ആരോഗ്യപദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി. ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടാനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയതാണ് പുതിയ നയം. 
ലെജിസ്ലേറ്റീവ് അതോറിറ്റി സമര്‍പ്പിച്ച അഞ്ച് നിര്‍ദേശങ്ങള്‍ കാബിനറ്റ് വിലയിരുത്തിയതായും വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
ഇതില്‍ വിദേശതൊഴിലാളികളുടെ നിയമന വിഷയവും ഉള്‍പ്പെട്ടിട്ടുണ്ട്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT