ഒൗദ്യോഗികമായി അറിയിക്കാതെ വരുന്ന നേതാക്കളെ  കാണില്ളെന്ന് ഒ.ഐ.സി.സി ഭാരവാഹികള്‍ 

മനാമ: തങ്ങളെ ഒൗദ്യോഗികമായി അറിയിക്കാതെ ബഹ്റൈനിലേക്ക് വരുന്ന ഒരു കോണ്‍ഗ്രസ് നേതാക്കളെയും കാണാന്‍ തയാറല്ളെന്ന് ഒ.ഐ.സി.സി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരന്‍ സംബന്ധിച്ചിരുന്നു. എന്നാല്‍, മുരളിയെ കാണാന്‍ ഒൗദ്യോഗിക വിഭാഗത്തിലെ ആരും തയാറായില്ല. മുരളിയെ കാണുന്നതിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയതായും ആരോപണമുണ്ട്.  ഇതിനെതിരെ, ബഹ്റൈനിലെ പ്രമുഖ ഐ വിഭാഗം നേതാവും കെ.മുരളീധരന്‍െറ അനുയായിയുമായ ബഷീര്‍ അമ്പലായി പരസ്യമായി രംഗത്തുവന്നിരുന്നു. നിലവില്‍ ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ് അമ്പലായി. അമ്പലായിയുടെ പരസ്യ പ്രതികരണം വന്ന സാഹചര്യത്തിലാണ് ഒ.ഐ.സി.സിയിലെ ഒരുവിഭാഗത്തിന്‍െറ പ്രസ്താവന വന്നത്. 
കാലങ്ങളായി ഒ.ഐ.സി.സിയെ തകര്‍ക്കാന്‍ നടന്നവരും സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരും കൂടി തട്ടിക്കൂട്ടിയ സംഘടനകളുടെ പരിപാടികളുമായി ഒരു കാലത്തും ബഹ്റൈന്‍ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സഹകരിക്കില്ളെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കെ.മുരളീധരന്‍ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ല. അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍െറ സമുന്നതനായ നേതാവാണ്. മുമ്പും പല കോണ്‍ഗ്രസ് നേതാക്കളും ബഹ്റൈനില്‍ വന്നിട്ടുണ്ട്. പക്ഷെ, ഒ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചുവന്ന തെന്നല ബാലകൃഷ്ണപിള്ളയെ മാത്രമാണ് ദേശീയ കമ്മിറ്റി സ്വീകരിച്ചതും അദ്ദേഹത്തിന്‍െറ താല്‍പര്യപ്രകാരം വിളിച്ച ദേശീയ എക്സിക്യൂട്ടിവില്‍ പങ്കെടുത്തതും.  വിമത സംഘടനകളുടെ പരിപാടികള്‍ക്കായി വരുന്ന നേതാക്കളെ കാണുന്നതില്‍നിന്ന് ദേശീയ കമ്മിറ്റി ആരെയും വിലക്കിയിട്ടില്ല. എന്നാലും അത്തരം പരിപാടികളുമായി സഹകരിക്കരുതെന്ന് ഭാരവാഹികളെ ഉണര്‍ത്തേണ്ട ഉത്തരവാദിത്തം കമ്മിറ്റിക്കുണ്ട്. സെപ്റ്റംബര്‍ 19ന് ചേര്‍ന്ന ദേശീയ കമ്മിറ്റി അംഗീകരിച്ച തീരുമാന പ്രകാരമാണ് കെ.മുരളീധരന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സഹകരിക്കേണ്ട എന്ന് തീരുമാനിച്ചത്.  രണ്ടു പതിറ്റാണ്ടായി ബഹ്റൈനിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സിക്ക് 2009ലാണ് കെ.പി.സി.സി അംഗീകാരം നല്‍കുന്നത് .പിന്നീടുള്ള എല്ലാ സമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും കെ.പി.സി.സിയുടെ മേല്‍നോട്ടത്തിലാണ് നടന്നിട്ടുള്ളത്. 2014ല്‍ മാത്രം ഒ.ഐ.സി.സിയിലേക്ക് കടന്നുവരികയും സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്തവരുടെ ഉപദേശങ്ങള്‍ ഒ.ഐ.സി.സിക്ക് ആവശ്യമില്ല. കേരളത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരിനെതിരെ സമരരംഗത്തുള്ളപ്പോള്‍ ഒ.ഐ.സി.സിയുടെ ശത്രുക്കളുടെ പരിപാടിയിലേക്ക് വരികയും പണക്കാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തതിനെ പരസ്യമായി ചോദ്യം ചെയ്യാതിരുന്നത് അച്ചടക്ക ബോധം കൊണ്ടാണ്. മാധ്യമങ്ങളില്‍ പേരുവരാനും മറ്റും ചിലര്‍ കാണിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ബഹ്റൈനിലെ കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ തള്ളുമെന്ന് ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബോബി പാറയില്‍ , ഗഫൂര്‍ ഉണ്ണിക്കുളം, രാമനാഥന്‍, രഞ്ജിത്ത് പുത്തന്‍പുരക്കല്‍ എന്നിവര്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.