സതേണ്‍ ഗവര്‍ണറേറ്റില്‍ തെരുവുകച്ചവടം പൂര്‍ണമായും നിരോധിച്ചേക്കും

മനാമ: സതേണ്‍ ഗവര്‍ണറേറ്റില്‍ തെരുവുകച്ചവടം പൂര്‍ണമായും നിരോധിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. 
അനധികൃത വ്യാപാരികള്‍ക്കെതിരായ നടപടിക്ക് സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ ലൈസന്‍സുള്ളവര്‍ ഈസ്റ്റ് റിഫ, നുവൈദ്രത് സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്ക് മാറേണ്ടി വരും. 
തീരുമാനം നടപ്പാക്കാനായി എല്ലാ നടപടികളും സ്വീകരിക്കാന്‍ കൗണ്‍സിലര്‍മാര്‍ അഭ്യര്‍ഭിച്ചു. ആവശ്യമെങ്കില്‍ പൊലീസിന്‍െറ സഹായവും തേടും. മറ്റ് മേഖലകളില്‍ എല്ലാ സംവിധാനങ്ങളുമുള്ള സ്റ്റോറുകളുള്ളവരില്‍ ചിലരും തെരുവുകച്ചവട രംഗത്തുണ്ടെന്ന് ആരോപണമുണ്ട്. 
എന്നാല്‍, തെരുവുകച്ചവടം മാത്രമാണ് തങ്ങളുടെ വരുമാനമാര്‍ഗമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അസീം അബ്ദുല്‍ ലത്തീഫ് പ്രാദേശിക പത്രത്തോട് പറഞ്ഞു. 
ഇവരില്‍ പലവ്യാപാരികളും സതേണ്‍ ഗവര്‍ണറേറ്റിലുള്ളവര്‍ അല്ല. ജനങ്ങളുടെ സഹതാപം പറ്റിയാണ് പലരും കച്ചവടം നടത്തുന്നത്. ഈസ്റ്റ് റിഫ, നുവൈദ്രത് സെന്‍ട്രല്‍ മാര്‍ക്കറ്റുകളില്‍ ഒഴിഞ്ഞ നിരവധി സ്റ്റാളുകളുണ്ട്. 
ഈ തെരുവുകച്ചവടക്കാര്‍ക്ക് ചെറിയ തുക നല്‍കി അത് വാടകക്ക് എടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.   നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരേണ്ടതുണ്ടെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പറഞ്ഞു. 
മുമ്പത്തെ സെന്‍ട്രല്‍ ഗവര്‍ണറേറ്റില്‍ വാര്‍ഷിക ഫീസ് നല്‍കിയാണ് വണ്ടിയിലും മറ്റും ആളുകള്‍ കച്ചവടം ചെയ്തിരുന്നത്. അവരുടെ വാഹനങ്ങളില്‍ ഇതുസംബന്ധിച്ച ബാഡ്ജ് ഉണ്ടായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡും അനുവദിച്ചിരുന്നു. 
ഇവര്‍ ബഹ്റൈനികള്‍ തന്നെയായിരുന്നു. പ്രവാസികള്‍ ഈ രംഗത്തുണ്ടായിരുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. അതുകൊണ്ട് നിലവിലുള്ള അവസ്ഥ തുടരാനാകില്ളെന്ന് അദ്ദേഹം പറഞ്ഞു. 
  അനധികൃത വ്യാപാരികളുടെ തര്‍ക്കവും സംഘര്‍ഷവും പലപ്പോഴും സൈരജീവിതത്തെ ബാധിക്കാറുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.