മനാമ: മനാമയില്‍ കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 100,000 ദിനാറിന്‍െറ ആഭരണങ്ങള്‍ കവര്‍ന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാത്രി 9.30 ഓടെയാണ് സംഭവം.
ഇയാള്‍ ആഭരണങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊള്ളസംഘം ആക്രമിച്ചത്. ആറുപേര്‍ ചേര്‍ന്ന് വ്യാപാരിയുടെ ഫ്ളാറ്റിനുപുറത്തുവെച്ചാണ് ആക്രമണം നടത്തിയത്. ആറുകിലോയോളം സ്വര്‍ണവും രത്നങ്ങളുമാണ് ഉണ്ടായിരുന്നത്.
പ്രദീപ് എന്നയാളെയാണ് ആക്രമിച്ച് കവര്‍ച്ച നടത്തിയത് എന്ന വിവരം മാത്രമാണുള്ളത്. ഇയാള്‍ ഇവിടുത്തെ മൊത്തക്കച്ചവട കേന്ദ്രത്തില്‍ നിന്ന് ആഭരണങ്ങള്‍ കൈപ്പറ്റി വരികയായിരുന്നെന്ന് ജി.സി.സി ഗോള്‍ഡ് ആന്‍റ് ജ്വല്ലറി അസോസിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് സാജിദ് വ്യക്തമാക്കി.
ഇവിടെ സമാനരീതിയില്‍ കവര്‍ച്ച നടന്ന് രണ്ടുമാസം കഴിയുന്നതിന് മുമ്പുണ്ടായ സംഭവം വ്യാപാരികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അന്ന് 20,000 ദിനാറിന്‍െറ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എല്ലാ വ്യാപാരികളും അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സാജിദ് ആവശ്യപ്പെട്ടു. സ്വര്‍ണവുമായി പുറത്തുപോകുമ്പോള്‍, സംഘമായി പോകണമെന്ന് വ്യാപാരികളോട് നിരന്തരം ആവശ്യപ്പെടാറുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഹാള്‍മാര്‍ക്ക്’ ചെയ്ത ശേഷം സ്വര്‍ണവുമായി തനിയെ മടങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് അപകടമാണെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ആഗസ്റ്റ് രണ്ടിന് അപ്സര ജ്വല്ളേഴ്സ് ഉടമ ജതേന്ദ്ര പരേഖിനുനേരെയാണ് ആക്രമണമുണ്ടായത്. പോയവര്‍ഷം ജതേന്ദ്ര പരേഖിന്‍െറ സഹോദരന്‍ കീര്‍ത്തി പരേഖിനെ ആക്രമിച്ച അതേ സ്ഥലത്തുവെച്ചായിരുന്നു ഈ കവര്‍ച്ചയും നടന്നത്. പലര്‍ക്കും സുരക്ഷകാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മടിയാണെന്ന് സാജിദ് അഭിപ്രായപ്പെട്ടു. പ്രദീപ് ഇവിടെ 15 വര്‍ഷമായി വ്യാപാരിയാണ്. മൊത്തവ്യാപാരികളില്‍ നിന്ന് ആഭരണമെടുത്ത് വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്.
ആറുകിലോയോളം സ്വര്‍ണം ലോക്കറില്‍ വക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് ഫ്ളാറ്റിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അപ്പോഴാണ് കവര്‍ച്ച നടന്നത്. ആക്രമണത്തില്‍ ഇയാള്‍ക്ക് മുഖത്ത് പരിക്കേറ്റിട്ടുണ്ട്. കവര്‍ച്ചയില്‍ നിന്നുള്ള പരിരക്ഷക്കായി മനാമയില്‍ സ്വര്‍ണ വ്യാപാരികള്‍ക്കായി ലോക്കറുകള്‍ സ്ഥാപിക്കുമെന്ന് സാജിദ് പറഞ്ഞു. ‘ഹാള്‍മാര്‍ക്കിങി’ന് സ്വര്‍ണം കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും സുരക്ഷാസൗകര്യങ്ങളുള്ള വാന്‍ ഏര്‍പ്പാടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണവ്യാപാരം നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക, സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പാടാക്കുക, പൊലീസ് പട്രോള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ അടുത്ത ആഴ്ച യോഗം ചേര്‍ന്നേക്കും. കഴിഞ്ഞ മാസം നടന്ന യോഗത്തില്‍, ആവശ്യമെങ്കില്‍ ഈ മേഖലയില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നതായും സാജിദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.