പി.കെ.പാറക്കടവിന്‍െറ ‘ഇടിമിന്നലുകളുടെ പ്രണയം’ ബഹ്റൈനില്‍ പ്രകാശനം ചെയ്തു

മനാമ: പ്രശസ്ത സാഹിത്യകാരന്‍ പി.കെ.പാറക്കടവിന്‍െറ നോവല്‍ ‘ഇടിമിന്നലുകളുടെ പ്രണയം’ ബഹ്റൈനില്‍ പ്രകാശനം ചെയ്തു. അദ്ലിയ കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ ടെലിവിഷന്‍ പ്രോഗ്രാം ഡയറക്ടര്‍ അഹ്മദ് ഇബ്രാഹിം അബു അല്‍ശൂഖില്‍ നിന്ന് പുസ്തകത്തിന്‍െറ ആദ്യപ്രതി എഴുത്തുകാരന്‍ ജയചന്ദ്രന്‍ ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ജോര്‍ജ് മാത്യു, സുധീശ് രാഘവന്‍, ശ്യാം കുമാര്‍, ഇ.വി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.ഡി.സി.ബുക്സ് ആണ് പ്രസാധകര്‍. ഫലസ്തീന്‍ ജീവിതവും രാഷ്ട്രീയവുമായി കെട്ടുപിണഞ്ഞ സവിശേഷ ആഖ്യാനമാണ് നോവലിനെ ശ്രദ്ധേയമാക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ പുസ്തകത്തിന്‍െറ ആമുഖക്കുറിപ്പില്‍ പറയുന്നുണ്ട്. വി.എ.കബീറിന്‍െറ പഠനവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
പയ്യന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ ‘സഹൃദയ’യുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരികോത്സവത്തിലാണ് പ്രകാശനം നടന്നത്. ‘സഹൃദയ’യുടെ ഉദ്ഘാടനം പി.കെ.പാറക്കടവ് നിര്‍വഹിച്ചു. നന്‍മയിലേക്കുള്ള വഴികള്‍ ഉള്‍ച്ചേര്‍ന്നതാണ് ഓരോ നാടിന്‍െറയും തനത് കലാരൂപങ്ങളെന്ന് പാറക്കടവ് പറഞ്ഞു.
സാംസ്കാരിക പ്രബുദ്ധതയുടെ നാടാണ് പയ്യന്നൂര്‍. പുസ്തകവും സര്‍ഗാത്മകതയും നെഞ്ചോടുചേര്‍ത്തവരുടെ കൂട്ടയ്മകള്‍ പുതിയ കാലത്ത് അങ്ങേയറ്റം പ്രസക്തമാണെന്നും പാറക്കടവ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു. മുരളീകൃഷ്ണന്‍ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.സാംസ്കാരികോത്സവത്തിന്‍െറ ഭാഗമായി തിരുവാതിരയും പൂരക്കളിയും ചെണ്ടമേളവും അരങ്ങേറി. രാജഗോപാല്‍ ചെങ്ങന്നൂരിന്‍െറയും മുഹമ്മദ് അഞ്ഞൂറാന്‍െറയും നേതൃത്വത്തില്‍ ബഹ്റൈനിലെ പ്രശസ്ത ഗായകര്‍ അണിനിരന്ന ഗാനമേളയും നടന്നു.
കാലത്ത് ബഹ്റൈനിലെ മലയാളി എഴുത്തുകാരുടെ ഒത്തുചേരലില്‍ ‘കഥയുടെ വര്‍ത്തമാനം’ എന്ന പേരില്‍ ചര്‍ച്ച നടന്നു. ഇതില്‍ പാറക്കടവ് തന്‍െറ കഥയനുഭവങ്ങള്‍ പങ്കുവെച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.