കേരളീയ സമാജം തെരഞ്ഞെടുപ്പ് ഇന്ന് 

മനാമ: ബഹ്റൈന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളീയ സമാജത്തിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്് ഇന്നുനടക്കും. 68ാമത് വാര്‍ഷിക ജനറല്‍ അസംബ്ളി കാലത്ത് ഒമ്പതര മണിക്ക് ആരംഭിക്കും.ജനറല്‍ ബോഡിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികള്‍ രാത്രിവരെ നീളുമെന്നതിനാല്‍ അംഗങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ കരുതുന്നുണ്ട്. 
മാര്‍ച്ച് ഒമ്പതിന് ജനറല്‍ അസംബ്ളി ചേരുമെന്നാണ് നേരത്തെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് ബുധനാഴ്ചയായതിനാല്‍ പതിവുപോലെ ക്വാറം തികഞ്ഞിരുന്നില്ല. രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. ഇത്തവണ മൊത്തം 1482 ഓളം അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്. 
ജനറല്‍ അസംബ്ളിയില്‍ 11 അജണ്ടകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആറാമത്തെ അജണ്ടയാണ്. 
എന്നാല്‍, ഇത് അംഗങ്ങളുടെ അംഗീകാരത്തോടെ, യോഗനടപടികള്‍ക്കുശേഷം ആദ്യത്തെ അജണ്ടയായി പരിഗണിച്ചേക്കും.
കാലത്ത് 11മണിക്ക് തെരഞ്ഞെടുപ്പ് തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് റിട്ടേണിങ് ഓഫിസര്‍ ടിജി മാത്യു പറഞ്ഞു. തെരഞ്ഞെടുപ്പിന്‍െറ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വൈകീട്ട് ഏഴുമണിവരെ  തെരഞ്ഞെടുപ്പ് നീളും. 7.30ഓടെ വോട്ടെണ്ണല്‍ തുടങ്ങും. ഓരോ 100 വോട്ട് എണ്ണുമ്പോഴും ലീഡ്നില വ്യക്തമാക്കിയുള്ള അറിയിപ്പുമുണ്ടാകും.രാത്രി 10മണിയോടെ ഫലം പൂര്‍ണമായും അറിയാം. കടുത്ത വാശിയും വീറുമായാണ് ഇത്തവണ സമാജം തെരഞ്ഞെടുപ്പ് നടക്കുന്നത്. 
വര്‍ഷങ്ങളായി സമാജത്തിന്‍െറ ഗതി നിര്‍ണയിച്ച യുനൈറ്റഡ് പാനല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യോജിപ്പിലത്തൊനാകാതെ നെടുകെ പിളരുകയായിരുന്നു. 
പി.വി.രാധാകൃഷ്ണപിള്ള പ്രസിഡന്‍റും എന്‍.കെ.വീരമണി ജന. സെക്രട്ടറിയുമായുള്ള ഒരു പാനലും, കെ.ജനാര്‍ദ്ദനന്‍ പ്രസിഡന്‍റും ഷാജി കാര്‍ത്തികേയന്‍ ജന.സെക്രട്ടറിയുമായുള്ള മറ്റൊരു പാനലും തമ്മിലാണ് മത്സരം. ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി സ്ഥാനത്തുള്ള നൗഷാദിന് എതിരില്ല. 
ബഹ്റൈനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ ഇരുപാനലിനും പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കാലങ്ങളായി ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ച ഗ്രൂപ്പുകള്‍ ഇത്തവണ നിലപാട് മാറ്റിയിട്ടുമുണ്ട്. 
ഇന്ത്യന്‍ സ്കൂളിനെയും കേരളീയ സമാജത്തിനെയും ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന സമവാക്യങ്ങളും കൂട്ടായ്മകളുമാണ് ഈ രണ്ടുസ്ഥലങ്ങളിലെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ പി.വി.രാധാകൃഷ്ണപിള്ളയും നേരത്തെ അദ്ദേഹത്തിനെതിരെ കടുത്ത നിലപാടെടുത്തിരുന്ന എബ്രഹാം ജോണിന്‍െറ നേതൃത്വത്തിലുള്ള യു.പി.പിയും തമ്മില്‍ ഇത്തവണ സഖ്യം രൂപപ്പെട്ടിട്ടുണ്ട്.  
നിലവില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും സമാജം മുന്‍ അധ്യക്ഷനുമായ  പ്രിന്‍സ് നടരാജന്‍, സമാജം ജന.സെക്രട്ടറി വി.കെ.പവിത്രന്‍ തുടങ്ങിവര്‍ കെ.ജനാര്‍ദ്ദനന്‍ പ്രസിഡന്‍റും ഷാജി കാര്‍ത്തികേയന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള യുനൈറ്റഡ് പാനലിനൊപ്പമാണ്. 
ബഹ്റൈന്‍ ‘പ്രതിഭ’യുടെയും ഒ.ഐ.സി.സിയുടെയും മറ്റും പിന്തുണ ഇതിനകം പി.വി.രാധാകൃഷണപിള്ള വിഭാഗം ഉറപ്പിച്ചിട്ടുണ്ട്. ‘പ്രതിഭ’യുടെ നേതാവുകൂടിയായ എന്‍.കെ.വീരമണിയാണ് ഇവരുടെ ജന.സെക്രട്ടറി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിന്‍െറ തലേദിവസമായ ഇന്നലെ ഫോണ്‍വിളിച്ചുള്ള വോട്ടഭ്യര്‍ഥന സജീവമായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.