മനാമ: രാജ്യത്തെ അന്തരീക്ഷവായു മാലിന്യമുക്തമാക്കാനായി ദേശീയ പദ്ധതി തയാറാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.
ഇതിനാവശ്യമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പരിസ്ഥിതികാര്യ സുപ്രീം കൗണ്‍സിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്‍െറ ഭാഗമായി വ്യവസായ ശാലകളില്‍ നിന്നുള്ള വാതകങ്ങളുടെ ബഹിര്‍ഗമനവും പരിശോധിക്കും. ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
സര്‍ക്കാര്‍ അംഗീകരിച്ച വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന്‍െറ പുരോഗതിയില്‍ മതിപ്പ് രേഖപ്പെടുത്തി. രാജ്യസുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്നേഹവും സാഹോദര്യവും ഐക്യവും നിലനിര്‍ത്തി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തി.
ദേശീയ ഐക്യത്തെ തുരങ്കം വെക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് വിജയിക്കാനാകില്ല. നന്മയുടെയും സാഹോദര്യത്തിന്‍െറയും സന്ദേശമാണ് പകര്‍ന്ന് നല്‍കേണ്ടതെന്നും അതിനാണ് രാജ്യം പ്രാമുഖ്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് കാബിനറ്റ് വിലയിരുത്തുകയും സര്‍ക്കാര്‍ അംഗീകരിച്ച മുഴുവന്‍ വികസന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
റോഡ് വികസനം, സീവേജ് പൈപ്പുകള്‍ സ്ഥാപിക്കല്‍, പുതിയ റോഡുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നത്. ചില സേവന മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു. ‘നാഷണല്‍ റെഗുലേറ്ററി അതോറിറ്റി ഫോര്‍ പ്രൊഫഷന്‍സ് ആന്‍റ് ഹെല്‍ത് സര്‍വീസസി’ന്‍െറ ഗുണനിലവാരം മെച്ചപ്പെടുത്താനും സേവനങ്ങള്‍ വിപുലീകരിക്കാനും തീരുമാനിച്ചു. അതോടൊപ്പം സേവനങ്ങള്‍ക്ക് മതിയായ ഫീസ് ഈടാക്കുന്നതിനും ചര്‍ച്ച നടന്നു.
ആശുപത്രി, മെഡിക്കല്‍ സെന്‍റര്‍, സ്വകാര്യ ക്ളിനിക്കുകള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ലൈസന്‍സിന് നിലവിലുള്ളതിനേക്കാള്‍ ഫീസ് ഈടാക്കുന്നതിനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുടെ നിര്‍ദേശങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്യുകയും നിയമനിര്‍മാണത്തിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
സര്‍ക്കാര്‍ ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി വിദേശകാര്യ മന്ത്രാലയം പുന:സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു.
ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രിയുടെയും സിവില്‍ സര്‍വീസ് ബ്യൂറോയുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.