റമദാനില്‍ ഉടനീളം ഇഫ്താര്‍ ഒരുക്കി സമസ്ത

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മനാമയിലെ പ്രതിദിന ഇഫ്താര്‍ സംഗമങ്ങളില്‍ വന്‍ ജനപങ്കാളിത്തം.
മനാമ സൂഖിലും പരിസരങ്ങളിലുമുള്ളവര്‍ക്കാണ് ഇഫ്താര്‍ ഏറെ ഉപകാരപ്പെടുന്നത്. ഇത് റമദാനില്‍ ഉടനീളം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇഫ്താറില്‍ ആര്‍ക്കും പങ്കെടുക്കാം. 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്ന പ്രതിദിന ഇഫ്താര്‍ സംഗമം ഈ വര്‍ഷം മുതല്‍ മനാമ ഗോള്‍ഡ് സിറ്റിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയുടെ പുതിയ ഓഫീസ് ആസ്ഥാനത്തെ മദ്റസ ഹാളിലാണ് നടക്കുന്നത്.
ഇഫ്താറിനൊപ്പം  ഉദ്ബോധന പ്രഭാഷണവും  സമൂഹ പ്രാര്‍ഥനകളും ഒരുക്കുന്നുണ്ട്.പ്രാര്‍ഥനക്കും പ്രഭാഷണത്തിനും സമസ്ത പ്രസിഡന്‍റ് ഫക്റുദ്ദീന്‍ തങ്ങളാണ് നേതൃത്വം നല്‍കുന്നത്. സമസ്ത കേന്ദ്ര ഭാരവാഹികളും മദ്റസ അധ്യാപകരും മറ്റും അടങ്ങുന്നവരുടെ  സാന്നിധ്യവും  ഇഫ്താറിനെ സജീവമാക്കുന്നു. ഇതിന്‍െറ ചെലവുകള്‍ വഹിക്കുന്നത്  ചില കച്ചവട സ്ഥാപനങ്ങളുടെ ഉടമകളും മറ്റുമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിഭവങ്ങള്‍ സജ്ജീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും എസ്.കെ.എസ്.എസ്.എഫ്  ‘വിഖായ’യുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. 
എല്ലാദിവസവും നോമ്പു തുറക്കു ശേഷം ഇവിടെ തന്നെ മഗ്രിബ് നമസ്കാരത്തിനുള്ള സൗകര്യവുമുണ്ട്. അതോടൊപ്പം ദിവസവും രാത്രി എട്ടുമണിയോടെ സ്ത്രീകള്‍ക്ക് മാത്രമായി സമൂഹ തറാവീഹ് നമസ്കാരവും നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണ്.തൊട്ടടുത്തുള്ള മസ്ജിദ് കേന്ദ്രീകരിച്ച് ദിവസവും രാത്രി 10 മണിക്ക് പുരുഷന്മാര്‍ക്കായി തറാവീഹ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ബഹ്റൈന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഏരിയാ കമ്മറ്റികളുടെ കീഴിലും ഇത്തരം സംരംഭങ്ങള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.