അനധികൃത ശീഷകള്‍ക്കെതിരെ നടപടി കര്‍ശനമാക്കും

മനാമ: ബഹ്റൈനിലെ വിവിധ ഇടങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ശീഷ (ഹുക്ക) കഫേകള്‍ക്കെതിരെ അധികൃതര്‍ നടപടി കര്‍ശനമാക്കുന്നു. രാജ്യത്ത് ഏതാണ്ട് 130ഓളം ശീഷ കഫേകള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. എന്നാല്‍ 70ലധികം കഫേകള്‍ ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 
മനാമ, ഈസ ടൗണ്‍, ഹമദ് ടൗണ്‍, മുഹറഖ് എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആന്‍റി സ്മോക്കിങ് ആന്‍റ് ടുബാക്കോ ഗ്രൂപ്പ് മേധാവി ഡോ.എജ്ലാല്‍ അല്‍ അലാവി വ്യക്തമാക്കി. പലപ്പോഴും പിടിക്കപ്പെടുമെങ്കിലും കുറഞ്ഞ പിഴ ഒടുക്കിയാല്‍ മതി എന്നതിനാല്‍, അനധികൃത ശീഷ ഷോപ്പുകാര്‍ വീണ്ടും സജീവമാകാറാണ് പതിവ്. കേസ് പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയാല്‍ തീര്‍പ്പാകാന്‍ രണ്ടുവര്‍ഷത്തില്‍ മേലെ എടുക്കും. 
തുടര്‍ന്ന് വിധി വരുമ്പോള്‍ ഏതാണ്ട് 200 ദിനാര്‍ ആണ് അടക്കാന്‍ ആവശ്യപ്പെടുക. റമദാനില്‍ ഇത്തരം കാര്യങ്ങള്‍ ആരും ശ്രദ്ധിക്കില്ളെന്ന് കണ്ട് പലരും കച്ചവടം തകൃതിയായി നടത്താറുണ്ടെന്നും അവര്‍ പറഞ്ഞു. ഒട്ടുമിക്കവര്‍ക്കും കഫേ നടത്താനുള്ള ലൈസന്‍സ് മാത്രമേയുള്ളൂ. ഇവര്‍ സ്വന്തം നിലക്ക് മേശ പുറത്തിട്ട് ശീഷ ഒരുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ നിയമലംഘനം ബോധ്യപ്പെട്ടാല്‍ അവരുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ (സി.ആര്‍.) പുതുക്കേണ്ടെന്ന് വ്യാപാര, വാണിജ്യ, ടൂറിസം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലികമാണ്. ഒരു മാസം കഴിഞ്ഞാല്‍ അവര്‍ക്ക് വീണ്ടും സി.ആറിന് അപേക്ഷിക്കാം. വീണ്ടും സി.ആര്‍.ലഭിക്കുന്നതോടെ, മേശ പുറത്തിട്ട് ശീഷ ഒരുക്കാനും തുടങ്ങും. 11മാസക്കാലം ഇതേ രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. 
  ശീഷ വഴിയുള്ള പുകവലി സാധാരണ സിഗരറ്റിനേക്കാള്‍ ദോഷമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കൃത്രിമ ഫ്ളേവറും കനലും പുകയിലയും ചേര്‍ന്നുള്ള പുക നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അടച്ച മുറിയിലിരുന്ന് ഒരു തവണ ശീഷ വലിക്കുന്നത് 200 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് പറയുന്നത്. 
 ഹോട്ടലുകളിലെ റമദാന്‍ ടെന്‍റുകളിലെ ശീഷയും പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.