തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ  പരിഹരിക്കണം –മന്ത്രി 

മനാമ: കമ്പനി ഉടമകളും തൊഴിലാളികളും തമ്മിലുണ്ടാകുന്ന ഏത് പ്രശ്നങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കപ്പെടേണ്ടതെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രി ജുമൈല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പ്രസ്താവിച്ചു. 
കഴിഞ്ഞാഴ്ച ഒരു കമ്പനിയില്‍ രണ്ടര മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കുകയും മന്ത്രാലയത്തിലേക്ക് പരാതിയുമായി പോവുകയും ചെയ്തിരുന്നു. 
ഈ കമ്പനി അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കാനായി സ്വീകരിച്ച നടപടികളെ കുറിച്ച് മന്ത്രി ആരാഞ്ഞു. കുടിശ്ശികയുള്ള ശമ്പളം മുഴുവനായും തൊഴിലാളികള്‍ക്ക് നല്‍കിയതായി കമ്പനി അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു. പരസ്പരം സ്നേഹത്തിലും സൗഹാര്‍ദത്തിലുമാണ് സ്ഥാപനങ്ങളും തൊഴിലാളികളും മുന്നോട്ട് പോവേണ്ടതെന്ന് മന്ത്രി പറഞ്ഞു. മേലില്‍ ശമ്പളം കുടിശ്ശിക വരാതെ തൊഴിലാളികള്‍ക്ക് കൃത്യമായി നല്‍കാന്‍ ശ്രമിക്കണം. 
പ്രതിഷേധത്തിന്‍െറ പേരില്‍ അവരോട് പ്രതികാരബുദ്ധിയോടെയുള്ള നടപടികള്‍ കൈകൊള്ളരുത്. രാജ്യത്തെ സ്വകാര്യമേഖലയിലുള്ള കമ്പനികളും സ്ഥാപനങ്ങളും മന്ത്രാലയവും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. നിര്‍മാണ മേഖലയിലും രാജ്യത്തിന്‍െറ വികസനപദ്ധതികളിലും അവര്‍ നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണ്. 
തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ കമ്പനികളും സ്ഥാപനങ്ങളും പരമാധി ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ശമ്പളം മുടങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നൂറ് കണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം കഴിഞ്ഞയാഴ്ച വാര്‍ത്തയായിരുന്നു. കഴിഞ്ഞ ആഴ്ച മഅമീറിലാണ് സംഭവമുണ്ടായത്. 
ഇവിടുത്തെ ഒരു കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരാണ് കനത്ത ചൂട് അവഗണിച്ച് കമ്പനി അക്കമഡേഷനില്‍ നിന്ന് സായിദ് ടൗണിലെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലത്തിന്‍െറ ഓഫീസിലേക്ക് നീങ്ങിയത്. 
വിവരമറിഞ്ഞ മന്ത്രാലയ പ്രതിനിധികളത്തെി തൊഴിലാളികളെ അനുനയിപ്പിച്ചിക്കുകയായിരുന്നു. ശമ്പള പ്രശ്നം ഈ ആഴ്ച അവസാനത്തോടെ തീര്‍ക്കാം എന്ന് കമ്പനി അറിയിച്ചതായി മന്ത്രാലയ പ്രതിനിധികള്‍ തൊഴിലാളികളോട് പറഞ്ഞിരുന്നു. 
അന്ന് 2,000ത്തോളം തൊഴിലാളികള്‍ തെരുവിലിറങ്ങിയതായാണ് തൊഴില്‍ കാര്യ അസി.അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് അല്‍ അന്‍സാരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തിയെന്ന വാദം കമ്പനി നിഷേധിച്ചിരുന്നു. 
ഒരു ലേബര്‍ ക്യാമ്പില്‍ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് പോവുകയായിരുന്നു തൊഴിലാളികള്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. 
സര്‍ക്കാര്‍-സ്വകാര്യ പദ്ധതികള്‍ക്കായി ചെലവഴിച്ച തുക ലഭിക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കാലതാമസമുണ്ടായെന്നും ഇതേ തുടര്‍ന്നാണ് തൊഴിലാളികളുടെ ശംബളം മുടങ്ങിയതെന്നുമാണ് കമ്പനി അധികൃതര്‍ പറഞ്ഞത്.
 45 ദിവസത്തെ ശമ്പളമാണ് മുടങ്ങിയതെന്നും ശമ്പള കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്നും അവര്‍ തൊഴിലാളികളെ അറിയിച്ചിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.