മനാമ: സുരക്ഷാമുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ തെരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടുകയും തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് രാജ്യമെമ്പാടും അഭിനന്ദനം. വിവിധ രാഷ്ട്രീയ നേതാക്കള്‍ പൊലീസ് നടപടിയെ പ്രകീര്‍ത്തിച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബഹുദൂരം മുന്നേറിയെന്ന കാര്യം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ നടപടിയെന്ന് അവര്‍ പറഞ്ഞു. ഇതുവഴി, നിരവധി നിരപരാധികളുടെ ജീവനാണ് രക്ഷിക്കാന്‍ സാധിച്ചത്.
ഈ സാഹചര്യത്തില്‍ സുരക്ഷാ അധികൃതരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് ‘ഗാതറിങ് ഓഫ് നാഷണല്‍ യൂനിറ്റി’ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ ലതീഫ് അല്‍ മഹ്മൂദ് പറഞ്ഞു. രാജ്യത്തിന്‍െറ ഭദ്രതക്കും ജനങ്ങളുടെ സുരക്ഷക്കുമായി ഇവര്‍ ചെയ്യുന്ന സേവനം വളരെ വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ പൗരന്‍മാരും ഇവിടുത്തെ താമസക്കാരും സുരക്ഷാ അധികൃതരുമായി സഹകരിക്കണം. യുവജനങ്ങള്‍ ഭീകരരുടെ ആഹ്വാനങ്ങളെ പുഛത്തോടെ തള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്‍െറ ജാഗ്രതയാണ് ഈ നടപടി തെളിയിക്കുന്നതെന്ന് എം.പി ശൈഖ് അബ്ദുല്‍ഹലീം മുറാദ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും പരിശീലനം ലഭിച്ചവരാണ് പിടികൂടപ്പെട്ടവരെന്നത് സംഭവത്തിന്‍െറ ഗൗരവം സൂചിപ്പിക്കുന്നതാണ്. ഇവരെ എത്രവും പെട്ടെന്ന് വിചാരണ ചെയ്യണമെന്നും കുറ്റം തെളിഞ്ഞാല്‍ പരമാവധി ശിക്ഷ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാഅധികൃതരുടേത് മാതൃകാപരമായ പ്രവര്‍ത്തിയാണെന്ന് ‘പൊളിറ്റിക്കല്‍ ബ്യൂറോ ഓഫ് ദ നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ സൊസൈറ്റി’ ചെയര്‍മാന്‍ അഹ്മദ് ജുമ പറഞ്ഞു. ആഭ്യന്തര മന്ത്രാലത്തിന്‍െറ കിരീടത്തിലെ പൊന്‍തൂവലായി ഇത് നിലനില്‍ക്കും. ഗൂഡപദ്ധതികള്‍ തകര്‍ന്നതോടെ ഇറാന്‍ അധികൃതര്‍ക്ക് സമനില തെറ്റിയതായും അദ്ദേഹം പറഞ്ഞു.
ഭീകരവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി നടത്തിയ തെരച്ചിലില്‍ വ്യാഴാഴ്ചയാണ് അധികൃതര്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ പിടികൂടുകയും അഞ്ചുപേരെ അറസ്റ്റുചെയ്യുകയും ചെയ്തത്.
ബഹ്റൈനിലെ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇവരുടെ വീട്ടില്‍ തന്നെയാണ് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്. ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും ഇവര്‍ക്ക് പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വിവരങ്ങള്‍ പബ്ളിക് പ്രൊസിക്യൂഷന് കൈമാറിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ വിദഗ്ധര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും, റിമോട്ട് നിയന്ത്രിണ വസ്തുക്കളും, ആശയ വിനിമയ ഉപകരണങ്ങളും, ബോംബിനായി ഉപയോഗിക്കുന്ന ബാറ്ററികളും മറ്റും പിടികൂടിയിട്ടുണ്ട്. മുഹമ്മദ് അബ്ദുല്‍ ജലീല്‍ മഹ്ദി ജാസിം അബ്ദുല്ല (28), മഹ്മൂദ് ജാസിം മര്‍ഹൂണ്‍ മുഹമ്മദ് (26), ജാസിം മന്‍സൂര്‍ ജാസിം (25), അഹ്മദ് മുഹമ്മദ് അലി യൂസഫ് (23), ഖലീല്‍ ഹസന്‍ ഖലീല്‍ ഇബ്രാഹിം സഈദ് (20) എന്നിവരാണ് പിടിയിലായത്.
രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള സംശയകരമായി പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 80008008 എന്ന പൊലീസ് ഹോട്ട്ലൈന്‍ നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.