ബഹ്റൈന്‍ പ്രതിരോധ രംഗത്തെ ചെലവുകള്‍  ഇരട്ടിയിലധികമായി വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് 

മനാമ: മേഖലയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ പ്രതിരോധ രംഗത്തെ ചെലവുകള്‍ ഇരട്ടിയിലധികമായി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 
പോയ വര്‍ഷം ബഹ്റൈന്‍ പ്രതിരോധ രംഗത്ത് 30 ദശലക്ഷം ഡോളറിന്‍െറ വസ്തുക്കള്‍ ഇറക്കുമതി ചെയ്തെന്നും  ഈ വര്‍ഷം 80 ദശലക്ഷം ഡോളറിന്‍െറ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ വിശകലന വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ ആഗോള പ്രതിരോധ മേഖലയില്‍ 65 ബില്ല്യണ്‍ ഡോളറിന്‍െറ ഇടപാടുകള്‍ നടന്നതായാണ് വിവരം. ഇത് സര്‍വകാല റെക്കോഡാണ്. 
ആഗോള തലത്തില്‍ ഐ.എസിനെതിരായി നടക്കുന്ന പോരാട്ടങ്ങളെ ബഹ്റൈനും പിന്തുണക്കുന്നുണ്ട്. 
യമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഓപറേഷന്‍ ഡിസിസീവ് സ്റ്റോമി’ല്‍ കഴിഞ്ഞ മാര്‍ച്ചുമുതല്‍ ബഹ്റൈനും പങ്കാളിയാണ്. ആകാശത്തുനിന്ന് തൊടുത്തു വിടാവുന്ന മധ്യദൂര മിസൈലുകള്‍, ലെയ്സര്‍ റെയ്ഞ്ച് ഫൈന്‍ഡര്‍ റിസീവറുകള്‍, ടാങ്ക്വേധ മിസൈലുകള്‍, യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കാണ് ബഹ്റൈന്‍ പോയവര്‍ഷം പണം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
എ.എച്ച്. വണ്‍ കോബ്ര കോപ്റ്ററുകള്‍, ലെയ്സര്‍ റെയ്ഞ്ച് ഫൈന്‍ഡര്‍ റിസീവറുകള്‍ തുടങ്ങിയവയാണ് ഈ വര്‍ഷം വാങ്ങുകയെന്നും കരുതുന്നു. മേഖലയിലെ പ്രതിരോധ ചെലവുകളില്‍ അടുത്ത കാലത്തൊന്നും കുറവുവരാന്‍ ഇടയില്ല. 
ഇവിടുത്തെ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രതിസന്ധികളും ഇതിന് കാരണമാണ്. ഭീകരാക്രമണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ 2014നും 2015നുമിടിയില്‍ പലരാജ്യങ്ങളുടെയും പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് ഈ വര്‍ഷവും വര്‍ധിക്കുമെന്നാണ് കരുതുന്നത്. 
പ്രതിരോധ രംഗത്ത് ഏറ്റവുമധികം ഇറക്കുമതി നടക്കുന്ന മേഖലയായി മിഡില്‍ ഈസ്റ്റ് മാറിയതായി ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ‘ഐ.എച്ച്.എസ് ജെയിന്‍സ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയും യു.എ.ഇയും പോയ വര്‍ഷം ഇറക്കുമതി ചെയ്തത് 11.4 ബില്ല്യണ്‍ ഡോളറിന്‍െറ പ്രതിരോധ സാമഗ്രികളാണ്. ഇത് ആഗോള ഇടപാടിന്‍െറ 17.5 ശതമാനം വരും. 2014ല്‍ ഇവര്‍ ചെലവഴിച്ച തുക 8.6 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു. സൗദിയും യു.എ.ഇയും ഒരുമിച്ച് 2015ല്‍ ചെലവഴിച്ച തുക പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളാകെ പ്രതിരോധ മേഖലക്കായി മാറ്റിവെച്ച തുകയേക്കാള്‍ വരും. യു.എസ്., കാനഡ, ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങളാണ് മിഡില്‍ ഈസ്റ്റിലേക്ക് പ്രധാനമായും ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. 
സ്വാഭാവികമായും അതിന്‍െറ സാമ്പത്തിക നേട്ടം ലഭിക്കുന്നതും ഈ രാഷ്ട്രങ്ങള്‍ക്കു തന്നെയാണ്. ഇതില്‍ തന്നെ അമേരിക്കയാണ് മുന്നില്‍. രണ്ടാം സ്ഥാനം കാനഡക്കാണ്. 
തൊട്ടുപുറകില്‍ ഫ്രാന്‍സും യു.കെയുമാണുള്ളത്. ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളുടെ മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രതിരോധ ഇടപാടില്‍ 25 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഉപരോധം നീങ്ങിയ പശ്ചാത്തലത്തില്‍ ഇറാന്‍ പഴകിയ വ്യോമസേനാ ഉപകരണങ്ങള്‍ മാറ്റാന്‍ ആലോചിക്കുന്നതിനാല്‍ റഷ്യക്ക് മേഖലയിലുള്ള പങ്കാളിത്തം വര്‍ധിക്കാനാണ് സാധ്യത. 
2015ല്‍ അമേരിക്ക മിഡില്‍ ഈസ്റ്റിന് കൈമാറിയത് 8.8 ബില്ല്യണ്‍ ഡോളറിന്‍െറ പ്രതിരോധ സാമഗ്രികളാണ്. അമേരിക്കയുടെ മൊത്തം പ്രതിരോധ ഇടപാട് 22.9 ബില്ല്യണ്‍ ഡോളറിലധികമാണ്. 2014ല്‍ ഇത് 20.7 ബില്ല്യണ്‍ ആയിരുന്നു. 2018 ഓടെ ഫ്രാന്‍സ് പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയില്‍ റഷ്യയെ പിന്നിലാക്കി രണ്ടാമതത്തെുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.