മനാമ: പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇന്നുമുതല്‍ ഉച്ച വിശ്രമം ഏര്‍പ്പെടുത്തിതുടങ്ങണമെന്ന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ചൂട് കനക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ച 12 മുതല്‍ വൈകീട്ട് നാലുവരെയാണ് പുറംജോലികള്‍ നിരോധിച്ചത്. നിയമം കര്‍ശനമായി പാലിക്കാന്‍ എല്ലാ സ്ഥാപനങ്ങളോടും ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനും ഉഷ്ണജന്യ രോഗം, സൂര്യാഘാതം,നിര്‍ജലീകരണം എന്നിവ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ആവിഷ്കരിച്ചത്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ മന്ത്രാലയം നടത്തിയിട്ടുണ്ട്. പ്രധാന നിരത്തുകളില്‍ ഇത് സംബന്ധിച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും. തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കാന്‍ ബോധവത്കരണ പരിപാടികള്‍, ലഘുലേഖ വിതരണം എന്നിവ നടത്തും. മാധ്യമങ്ങള്‍ വഴി പരസ്യവും നല്‍കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ അപകടങ്ങള്‍ കുറക്കുന്നതിനും ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂര്യാതപമേറ്റുകഴിഞ്ഞാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്ന് കമ്പനികളോടും സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജോലി നിയന്ത്രണം നിലവിലുള്ള രണ്ട് മാസങ്ങളില്‍ തൊഴിലിടങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘം പരിശോധന നടത്തുകയും നിയമ ലംഘനം നടക്കുന്നില്ളെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ഉച്ച വിശ്രമം ജി.സി.സി-അറബ് രാജ്യങ്ങളില്‍ ആദ്യം ഏര്‍പ്പെടുത്തിയത് ബഹ്റൈനാണ്. പിന്നീടാണ് പല രാജ്യങ്ങളും ഇത് നടപ്പാക്കാന്‍ മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പല നിര്‍മാണ കമ്പനികളും ഈ കാലയളവില്‍ രാവിലെ നാലു മുതല്‍ ഉച്ചക്ക് 12 മണി വരെയോ അല്ളെങ്കില്‍ വൈകിട്ട് നാലുമുതല്‍ രാത്രി 12 വരെയോ തൊഴില്‍സമയം ക്രമീകരിക്കുകയാണ് പതിവ്. ഏതെങ്കിലും കമ്പനികള്‍ തൊഴിലാളികളെക്കൊണ്ട് നിരോധിത സമയത്ത് ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അധികൃതരെ അറിയിക്കാവുന്നതാണ്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഒരുമാസം കൂടി നീട്ടുന്നത് നന്നാകുമെന്ന് തൊഴിലാളികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍, ഇക്കാര്യം അധികൃതര്‍ പരിഗണിക്കുന്നില്ളെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.