ബഹ്റൈനില്‍ നിന്ന് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തണമെന്ന് എം.പിമാര്‍ 

മനാമ: ബഹ്റൈനില്‍ നിന്ന് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് അനുകൂലമായി പാര്‍ലമെന്‍റില്‍ എം.പിമാര്‍ വോട്ടുചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര സെഷനില്‍ എം.പി മുഹമ്മദ് അല്‍ അഹ്മദിന്‍െറ നേതൃത്വത്തില്‍ അവതരിപ്പിച്ച അടയന്തര നിര്‍ദേശത്തിന് അനുകൂലമായാണ് ഭൂരിപക്ഷം എം.പിമാരും വോട്ട് ചെയ്തത്. നബീല്‍ അല്‍ ബലൂഷി, മുഹമ്മദ് അല്‍ മാറിഫി, ഈസ തുര്‍ക്കി, അനസ് ബുഹിന്ദി തുടങ്ങിയ എം.പിമാരോടൊത്താണ് നിര്‍ദേശം അവതരിപ്പിച്ചത്. ഇത് നടപ്പിലായാല്‍ പൊതുവെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകും. 
കൗണ്‍സിലിന്‍െറ ധനകാര്യ-സാമ്പത്തിക സമിതി നേരത്തെ ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ഓരോ തവണ പണം അയക്കുമ്പോഴും ചെറിയൊരു തുക ഈടാക്കുന്നത് പുതിയ വരുമാനമാര്‍ഗം ആകുമെന്നും ഇത് രാജ്യത്തിന്‍െറ സാമ്പത്തിക വികസനത്തെ സഹായിക്കുമെന്നുമായിരുന്നു സമിതിയുടെ നിരീക്ഷണം. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഈ നിര്‍ദേശം നേരത്തെ തള്ളുകയാണുണ്ടായത്. സ്വതന്ത്ര സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ബഹ്റൈന്‍െറ സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല ഈ നീക്കമെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഇത് സമ്പദ്വ്യവസ്ഥയെ ദോഷകമായി ബാധിക്കുമെന്ന അഭിപ്രായമാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ബാങ്കിങ്-വ്യാപാര രംഗത്തിനും ഈ നീക്കം ഗുണകരമാകില്ളെന്ന് അവര്‍ പറയുന്നു. 
മേഖലയിലെ ധനകാര്യകേന്ദ്രമായാണ് ബഹ്റൈന്‍ പരിഗണിക്കപ്പെടുന്നത്. ധാരാളം വിദേശബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ധനവിനിമയത്തിനുള്ള ഉദാരത മൂലമാണിത്. പുതിയ നിര്‍ദേശം വന്നാല്‍, ഈ സ്ഥാപനങ്ങള്‍ ബഹ്റൈനില്‍ പ്രവര്‍ത്തിക്കാനിടയില്ല. പുതിയ സ്ഥാപനങ്ങള്‍ വരാനും സാധ്യത കുറവാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബഹ്റൈനിലെ വിദേശികളുടെ തൊഴില്‍മേഖലയെയും ഇത് ബാധിക്കും. മാത്രമല്ല, അനധികൃത ധനവിനിമയ മാര്‍ഗങ്ങള്‍ സജീവമാകാനും സാധ്യതയുണ്ട്. എണ്ണ-ഇതര സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയവുമായി ചേര്‍ന്നുപോകുന്നതല്ല പുതിയ നിര്‍ദേശമെന്നും ബാങ്ക് പറയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.