മാര്‍ച്ച് മുതല്‍ വൈദ്യുതിക്കും  വെള്ളത്തിനും പുതിയ നിരക്ക്

മനാമ: മാര്‍ച്ച് മുതല്‍ വൈദ്യുതിക്കും വെള്ളത്തിനും പുതിയ താരിഫ് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്ന് വൈദ്യുത-ജല അതോറിറ്റി അറിയിച്ചു. വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, വിദേശികളുടെ താമസ സ്ഥലങ്ങള്‍, സ്വദേശികളുടെ രണ്ടാമത്തെയോ അതിലധികമോ ഉള്ള വീടുകളും കെട്ടിടങ്ങളും തുടങ്ങിയവക്കാണ് പുതിയ താരിഫ് ഏര്‍പ്പെടുത്തുക. സ്വദേശികളുടെ ഒരു വീടിന് നിലവിലുള്ള താരിഫ് തന്നെയായിരിക്കും. ഇതിന് സി.പി.ആര്‍ കാര്‍ഡിലുള്ള വിലാസത്തിലായിരിക്കണം താമസിക്കുന്നതെന്ന നിബന്ധനയുണ്ട്.  അഡ്രസ് മാറ്റുന്നതിനും തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനും ബുദയ്യ റോഡിലുള്ള കണ്‍ട്രി മാളിലും ഈസ ടൗണ്‍, മുഹറഖ് എന്നിവിടങ്ങളിലുമുള്ള വൈദ്യുതി-ജല അതോറിറ്റി ഓഫീസുകളില്‍ നേരിട്ട് എത്താവുന്നതാണ്. കൂടാതെ 17515555 എന്ന നമ്പരില്‍ ബന്ധപ്പെട്ടും സംശയ നിവാരണം വരുത്താമെന്ന് ഉപഭോക്തൃ സേവന-വിതരണ കാര്യ ഉപമേധാവി അദ്നാന്‍ മുഹമ്മദ് ഫഖ്റു അറിയിച്ചു. 1,15,000 സ്വദേശി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇനി മുതല്‍ സബ്സിഡിക്ക് അര്‍ഹതയുണ്ടാവുക. ചാര്‍ജ് വര്‍ധനക്ക് ശേഷവും ജി.സി.സി തലത്തില്‍ വാണിജ്യ-വ്യവസായ മേഖലയില്‍ വൈദ്യുതിക്കും വെള്ളത്തിനും ഏറ്റവും കുറഞ്ഞ രണ്ടാമത്തെ നിരക്കായിരിക്കും ബഹ്റൈനിലുണ്ടാവുക. 
നിലവിലെ സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് സബ്സിഡി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വൈദ്യുതിക്കും വെള്ളത്തിനുമുള്ള ഫിക്സഡ് ചാര്‍ജ് ഓരോ ദിനാറാക്കുന്നതിനും തീരുമാനമുണ്ട്. സബ്സിഡിക്കായി രണ്ട് വര്‍ഷത്തെ ബജറ്റില്‍ 350 ദശലക്ഷം ദിനാറാണ് വകയിരുത്തി വന്നത്. 
സബ്സിഡി പരിമിതപ്പെടുത്തുന്നത് വഴി ലഭിക്കുന്ന സംഖ്യ ബജറ്റ് കമ്മി നികത്തുന്നതിന് ഉപയോഗപ്പെടുത്തുമെന്ന് നേരത്തെ ഊര്‍ജമന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.