മനാമ: സെഗയയിലെ അല അല്‍ ഹദ്റമി പ്രൈമറി ബോയ്സ് സ്കൂളില്‍ അതിക്രമിച്ച് കടന്ന് ബഹ്റൈന്‍ പതാക കത്തിച്ച സംഭവത്തില്‍ നാല് ആണ്‍കുട്ടികള്‍ക്കെതിരെ കലാപം, കൊള്ളിവയ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി. ബഹ്റൈന്‍ പൗരന്‍മാരായ ഇവര്‍ ഒമ്പതിനും 14നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ സംഘത്തില്‍ ആറുപേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ മാസം ആറിനാണ് അക്രമം നടന്നത്. അതിക്രമിച്ചു കടന്ന് കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തിയതായും ഇവര്‍ക്കെതിരെ കുറ്റമുണ്ടെന്ന് പബ്ളിക് പ്രൊസിക്യൂഷന്‍ ഫസ്റ്റ് ജനറല്‍ അഡ്വക്കേറ്റ് അബ്ദുല്‍റഹ്മാന്‍ അല്‍ സഈദ് പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. കസ്റ്റഡിയിലുള്ള നാലുപേരെയും ജുവനൈല്‍ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. അന്വേഷണ കാലയളവില്‍ കോടതി നിര്‍ദേശ പ്രകാരം ഇവരെ ജുവനൈല്‍ കെയര്‍ സെന്‍ററിലേക്ക് മാറ്റുകയാണുണ്ടായത്. ബഹ്റൈനില്‍ സ്കൂളുകള്‍ക്കുനേരെ പല ഘട്ടങ്ങിലും ആക്രമണമുണ്ടായിട്ടുണ്ട്. 2011മുതലുള്ള കണക്കനുസരിച്ച് സ്കൂളുകള്‍ക്കുനേരെ 460 ആക്രമണങ്ങളാണ് നടന്നത്. അതിക്രമിച്ച് കടന്ന് നാശനഷ്ടം വരുത്തല്‍, സ്കൂളിലേക്കുള്ള റോഡ് തടസപ്പെടുത്തല്‍, സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നടന്നത്. മറ്റൊരു സംഭവത്തില്‍ 15 വയസിനു താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍ സാറില്‍ വ്യാജബോംബ് സ്ഥാപിച്ച കേസില്‍ വിചാരണ നേരിടും. കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത്. മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ നേരത്തെ സമാന കുറ്റകൃത്യം നടത്തിയതിന് പിടിയിലായിരുന്നു. നവംബറിലെ സംഭവത്തില്‍ ഇവരെ ജുവനൈല്‍ കെയര്‍ സെന്‍ററിലേക്ക് മാറ്റി. കേസുമായി ബന്ധമുള്ള മറ്റുള്ളവരെ ഹൈക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യും.
കുട്ടികളുടെ കാര്യങ്ങളില്‍ മതിയായ ശ്രദ്ധ പുലര്‍ത്താന്‍ രക്ഷാകര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അല്‍ സഈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.