വന്‍തുക തിരിച്ചേല്‍പ്പിച്ച ധനീഷിന് അഭിനന്ദന പ്രവാഹം

മനാമ: റോഡരികില്‍നിന്ന് കളഞ്ഞുകിട്ടിയ മുക്കാല്‍ ലക്ഷത്തിലധികം ദിനാറും പാസ്പോര്‍ട്ടുകളും തിരിച്ചു നല്‍കിയ മലയാളി യുവാവിന് പ്രവാസി മലയാളികളുടെ അഭിനന്ദന പ്രവാഹം.  മനാമ മലബാര്‍ ഗോള്‍ഡ് ഷോറൂമിന് സമീപം ‘ഇക്ര’ മൊബൈല്‍ ഷോപ്പ് നടത്തുന്ന ആലുവ, ഏലൂര്‍ സ്വദേശി ധനീഷ് ജോസഫിന്‍െറ സത്യസന്ധയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസത്തെ ‘ഗള്‍ഫ് മാധ്യമ’ത്തില്‍ നിന്നറിഞ്ഞ് നാട്ടില്‍ നിന്നും ഇതര ജി.സി.സികളില്‍ നിന്നും പലരും ഫോണ്‍ ചെയ്യുകയും സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തു. പ്രശസ്തിയോ, വാര്‍ത്തയില്‍ ഇടം നേടാനുള്ള താല്‍പര്യമോ കൊണ്ടല്ല താന്‍ ഇക്കാര്യം ചെയ്തതെന്ന് ധനീഷ് ജോസഫ് പറഞ്ഞു. 
സമൂഹത്തിനാകെ പ്രചോദനമാകുന്ന പ്രവൃത്തിയാണ് ധനീഷ് ചെയ്തതെന്ന് മലയാളി ബിസിനസ് ഫോറം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 
സത്യസന്ധതയുടെ അടയാളമായി മാറിയ പ്രവൃത്തിയോടുള്ള ആദരമെന്ന നിലയില്‍ സംഘടന ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യു ധനീഷിന് മെമെന്‍െറാ കൈമാറി. ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി,ഷംസു വെമ്പ്ര, റിയാസ് തരിപ്പയില്‍, വേണുഗോപാല്‍, അബീര്‍ നാസര്‍, അന്‍വര്‍ കണ്ണൂര്‍, കെ.വി.അനീഷ്, റാഷിഖ്, റഫീഖ് മലബാര്‍, അശ്റഫ്, സത്യന്‍ പേരാമ്പ്ര, ജോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പ്രമുഖ ആഭരണ നിര്‍മ്മാതാക്കളായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി മനാമ ഷോറൂം മാനേജ്മെന്‍റും ധനീഷിന് ആദരമൊരുക്കി. ജ്വല്ലറിയുടെ ഉപഹാരമായി സ്വര്‍ണ്ണമോതിരം കൈമാറി. ചടങ്ങില്‍ ജ്വല്ലറി ജീവനക്കാരും മാനേജ്മെന്‍റും സംബന്ധിച്ചു. ഒ.ഐ.സി.സി യൂത്ത്വിങ് മനാമ ഏരിയ കമ്മിറ്റിയും ധനീഷിനെ അഭിനന്ദിച്ചു.  പ്രസിഡന്‍റ് ജിത്തുവും സെക്രട്ടറി ഷമീറും ചേര്‍ന്ന് മെമെന്‍െറാ കൈമാറി.
സാമൂഹ്യ മാധ്യമങ്ങളില്‍ ധനീഷിന്‍െറ സത്യസന്ധതയെ വാഴ്ത്തി പലരും കുറിപ്പുകളെഴുതിയിട്ടുണ്ട്. ബഹ്റൈനിലെ സാംസ്കാരിക പ്രവര്‍ത്തകനായ മിനേഷ് രാമനുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങിനെ പറയുന്നു: ‘‘ഒരു ശരാശരി പ്രവാസിയെ ഗള്‍ഫിലേക്ക് വരുത്തുന്ന സ്വപ്നങ്ങള്‍/ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ളോ. ചെറിയ വീട്, ഒരു വാഹനം, നാട്ടില്‍ കച്ചവടമോ മറ്റോ ചെയ്തു ജീവിക്കാനുള്ള സാഹചര്യം. അത്രയും കാര്യങ്ങള്‍ നിറവേറ്റാന്‍ ഈ തുക ആവശ്യത്തിലേറെയാണ്. എന്നിട്ടും ആ പണം തിരിച്ചേല്‍പ്പിക്കാന്‍ കാണിച്ച സത്യസന്ധത അഭിനന്ദനീയം തന്നെ. ഈ വാര്‍ത്ത ഷെയര്‍ ചെയ്യുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു. ഈ നന്‍മയെ മലയാളിയെന്നോ ഇന്ത്യക്കാരനെന്നോ ഏഷ്യക്കാരനെന്നോ പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നതില്‍ കാര്യമുണ്ട് എന്ന് തോന്നുന്നില്ല. ആ സ്വത്വങ്ങള്‍ ഒന്നും ഒരാളെ തെറ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കുന്നില്ല എന്നിരിക്കെ ഈ നന്‍മ മനുഷ്യ മനസ്സിന്‍െറ മഹിമയാണ്’’.
കഴിഞ്ഞ ദിവസം പ്രാതല്‍ കഴിക്കാനായി ഷോപ്പിനടുത്തുള്ള റസ്റ്റോറന്‍റില്‍ പോയി മടങ്ങവെയാണ് ധനീഷ് റോഡരികില്‍ കവര്‍ വീണുകിടക്കുന്നതായി കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ അതില്‍ നോട്ടുകെട്ടുകളും മൂന്ന് പാസ്പോര്‍ട്ടുകളും കണ്ടു. ഉടന്‍ ഒരു സുഹൃത്തിനെയും കൂട്ടി ബാബുല്‍ ബഹ്റൈന്‍ പൊലീസ് സ്റ്റേഷനിലത്തെി ഇത് ഏല്‍പ്പിക്കുകയായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.