ബഹ്റൈന്‍ അഭിപ്രായ സ്വാതന്ത്ര്യം  അനുവദിച്ച രാഷ്ട്രം –വിദേശകാര്യ മന്ത്രാലയം

മനാമ: അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം ബഹ്റൈനെിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കി.  രാജ്യത്ത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജാഗ്രതയോടെയാണെന്നും വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നതിലും അഭിപ്രായ പ്രകടനത്തിനും തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് ഭരണഘടനാപരമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. 
സ്വാതന്ത്ര്യവും സുരക്ഷിതത്വവും സുതാര്യതയും നിലനിര്‍ത്തുന്നതിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും മുന്തിയ പരിഗണന നല്‍കുന്നുണ്ട്. രാജ്യത്തിന്‍െറ വികസനത്തിനും വളര്‍ച്ചയിലും വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ പങ്കുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പരിഷ്കരണ സംരംഭങ്ങള്‍ ഇതിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും മറ്റുള്ളവര്‍ക്ക് ഹാനികരമല്ലാത്ത അഭിപ്രായപ്രകടങ്ങള്‍ക്കും അവസരമൊരുക്കാന്‍ രാജ്യം ബാധ്യസ്ഥമാണ്. 
2011ലെ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളെ ഏകീകരിച്ച് നിര്‍ത്തുന്നതിനും ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും  പ്രസ്താവനയില്‍ വിശദീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.