ഹൃദയാഘാതം മൂലം 24 മണിക്കൂറിനിടെ മരിച്ചത് മൂന്ന് മലയാളികള്‍ 

മനാമ: ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ട് കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ചത്. മൂന്നുപേരും ചെറുപ്പക്കാരാണ്.കോഴിക്കോട് കല്ലാച്ചി വാണിയൂര്‍ റോഡ് തറക്കണ്ടിയില്‍ കണ്ണന്‍െറ മകന്‍ ഷിജിന്‍ (27) ഉറക്കത്തിനിടെയാണ് മരിച്ചത്.  മാതാവ്: ജാനു. സഹോദരങ്ങള്‍: ഷാജി, ഷിബിന്‍. മനാമ ഖമര്‍അല്‍ സമന്‍ കോള്‍ഡ് സ്റ്റോറില്‍ സെയില്‍സ്മാന്‍ ആയിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായത് ആരും അറിഞ്ഞില്ല. അഞ്ചുമാസം മുമ്പാണ് ബഹ്റൈനിലത്തെിയത്. ബന്ധുവിനൊപ്പം താമസിച്ചിരുന്ന ഷിജിന്‍ കാലത്ത് എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ച്ച് വിളിച്ചപ്പോഴാണ് ചലനമറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ വിവരം അറിയിക്കുകയും വിദഗ്ധസംഘമത്തെി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 
അവിവാഹിതനാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  കോഴിക്കോട് തിക്കോടി പൂവന്‍കണ്ടി ക്ഷേത്രത്തിന് സമീപം ചോയിക്കുട്ടിയുടെ മകന്‍ ദിനേശും (35) ഹൃദയാഘാതം മൂലമാണ് മരിച്ചത്. 14 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയായ ദിനേശ് രണ്ടു വര്‍ഷത്തോളമായി ഒരു അഭിഭാഷകന്‍െറ ഓഫീസില്‍ ജോലി നോക്കുകയാണ്. മാതാവ്: ലീല. ഭാര്യ: ഷൈനി. മക്കള്‍: മിതാര, നക്ഷത്ര. സഹോദരന്‍: സതീശന്‍ (മുന്‍ ബഹ്റൈന്‍ പ്രവാസി). സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 
കണ്ണൂര്‍ പാമ്പുരുത്തി കൂലൂത്തു പീടികയില്‍ അബ്ദുല്ലക്കുട്ടി(35) കുഴഞ്ഞുവീണാണ് മരിച്ചത്. പറമ്പില്‍ കാദര്‍കുഞ്ഞിയുടെ മകനാണ്.  ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മുഹറഖ് ഉംജുമ സ്വീറ്റ്സില്‍ ജോലി ചെയ്യുകയായിരുന്നു.  ഒമ്പത് വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് കെ.എം.സി.സി ഭാരവാഹി കരീം കുളമുള്ളതിന്‍െറ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഹൃദയാഘാതം മൂലം പ്രവാസികളുടെ മരണസംഖ്യ കൂടുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് സാമൂഹിക പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, കെ.ടി.സലിം എന്നിവര്‍ പറഞ്ഞു. മരണപ്പെടുന്നവരില്‍ കൂടുതലും മലയാളികളാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 24 ഇന്ത്യക്കാര്‍ ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.