മരുന്ന് മോഷ്ടിച്ച് മയക്കുമരുന്നാക്കി  ഉപയോഗിക്കുന്നതായി ആരോപണം

മനാമ: ഹെല്‍ത് സെന്‍ററുകളില്‍ നിന്ന് മോഷ്ടിച്ച മരുന്നുകള്‍ പനഡോളുമായി ചേര്‍ത്ത് മയക്കുമരുന്നുണ്ടാക്കുന്നതായി എം.പി.അബ്ദുല്‍റഹ്മാന്‍ ബു അലി ആരോപിച്ചു. ഈ മിശ്രിതം ഒന്നര മുതല്‍ രണ്ട് ദിനാറിനുവരെ വില്‍ക്കുന്നതായാണ് വിവരം. മനാമയിലെ ഇബ്നു സിന ഹെല്‍ത് സെന്‍ററില്‍ നിന്ന് 4,000 ഗുളികകള്‍ കഴിഞ്ഞദിവസം മോഷണം പോയതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് എം.പിയുടെ ആരോപണം വന്നത്. കഴിഞ്ഞയാഴ്ച ഈസ ടൗണ്‍, ഈസ്റ്റ് റിഫ, ഉമ്മുല്‍ ഹസം എന്നിവിടങ്ങളിലെ ഹെല്‍ത് സെന്‍ററുകളില്‍ നിന്നും വലിയ തോതില്‍ ഗുളികകള്‍ മോഷണം പോയിട്ടുണ്ടെന്നും എം.പി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ഹെല്‍ത് സെന്‍ററുകളുടെ സുരക്ഷാ സംവിധാനം ഉടന്‍ വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം ഉടന്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കും. ഇബ്നു സിന ഹെല്‍ത് സെന്‍ററില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
മനോരോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന ഓക്സികോഡോണ്‍, പത്തെഡിന്‍, മോര്‍ഫിന്‍, മത്തെഡോണ്‍ തുടങ്ങിയ മരുന്നുകള്‍ മിക്ക ഹെല്‍ത് സെന്‍ററുകളിലും ലഭ്യമാണ്. ഇത് മറ്റുമരുന്നുകളുമായി ചേര്‍ത്ത് ലഹരിക്കായി ഉപയോഗിക്കുന്ന രീതി പലയിടത്തും നിലവിലുണ്ട്. 
അതിനിടെ, ഹെല്‍ത് സെന്‍ററുകളിലെ മരുന്നുമോഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുരക്ഷാ അധികൃതരുമായി ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഹെല്‍ത് സെന്‍റുകളിലെ ഫാര്‍മസികളിലും വെയര്‍ഹൗസുകളിലും സുരക്ഷാകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ളെന്നും മന്ത്രാലയം വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.