‘സ്പ്രിങ് ഓഫ് കള്‍ച്ചര്‍’ ഫെബ്രുവരി 25 മുതല്‍

മനാമ: ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 25വരെ നടക്കുന്ന ബഹ്റൈന്‍െറ സാംസ്കാരികോത്സവമായ ‘സ്പ്രിങ് ഓഫ് കള്‍ച്ചര്‍’ ഫെസ്റ്റിവലില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍മാര്‍ എത്തും. ഗ്രാമി അവാര്‍ഡ് നേടിയ ബ്രിട്ടീഷ് ഗായകന്‍ സീല്‍, അറബ് ഗാനലോകത്തെ തരംഗമായ ഖാദിം അല്‍ സാഹിര്‍ എന്നിവര്‍ പരിപാടിക്കത്തെുമെന്ന് ഉറപ്പായി. രണ്ടുമാസം നീളുന്ന കലാ-സാംസ്കാരിക പരിപാടികള്‍ക്കത്തെുന്നവരുടെ സമ്പൂര്‍ണ പട്ടിക കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തുവിട്ടു. ഗായകരും, നര്‍ത്തകരും, നാടകസംഘങ്ങളും അടങ്ങുന്നതാണ് പട്ടിക. ബഹ്റൈനിലെയും ജി.സി.സിയിലെയും കലാകാരന്‍മാരുടെ കൂടുതല്‍ സാന്നിധ്യം ഇത്തവണത്തെ മേളയിലുണ്ടാകും. ഇക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡ് (ഇ.ഡി.ബി)യുമായി ചേര്‍ന്ന് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് (ബി.എ.സി.എ)ആണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്‍െറ സമ്പന്നമായ സാംസ്കാരിക പൈതൃക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷമാണ് നടക്കാനിരിക്കുന്നതെന്ന് ബി.എ.സി.എ പ്രസിഡന്‍റ് ശൈഖ മായി ബിന്ദ് മുഹമ്മദ് ആല്‍ ഖലീഫ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുസ്ഥിരമായ സാംസ്കാരിക ടൂറിസ വ്യവസായം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ബഹ്റൈന്‍െറ സാംസ്കാരിക അന്തരീക്ഷം തൊട്ടറിയാനുള്ള വേദിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. 
ബഹ്റൈന്‍ സാംസ്കാരിക ഭൂമികയുടെ അടയാളമായി ‘സ്പ്രിങ് ഓഫ് കള്‍ച്ചര്‍’ മാറിയെന്ന് ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അല്‍ റുമെയ്ഹി പറഞ്ഞു. ടൂറിസത്തിനും പരിപാടി മുതല്‍ക്കൂട്ടാകും. മേഖലയില്‍ തന്നെ ശ്രദ്ധേയമായ സാംസ്കാരിക പരിപാടിയായി ഇത് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ലബനാനിലെ കര്‍കാല ഡാന്‍സ് തിയറ്ററിന്‍െറ ‘ഒരിക്കല്‍ ഒരിടത്ത്’ എന്ന പരിപാടി ഫെബ്രുവരി 25ന് നാഷണല്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെടുന്നതോടെ പരിപാടിക്ക് തുടക്കമാകും. രാത്രി എട്ടുമണിക്കാണ് ഇതിന്‍െറ അവതരണം. 
തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് രാത്രി എട്ടു മണിക്ക് നാഷണല്‍ തിയറ്ററില്‍ തുര്‍ക്കി നടനും ഗായകനുമായ ഹാലിത് എര്‍ജെന്‍സ് പരിപാടി അവതരിപ്പിക്കും. സിനിമ സിംഫണി ഓര്‍ക്കസ്ട്ര ഇദ്ദേഹത്തിന് അകമ്പടി സേവിക്കും. മാര്‍ച്ച് അഞ്ചിന് അറാദ് ഫോര്‍ട്ടില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമി ജേതാവായ ജാസ് ഗായകന്‍ ഗ്രിഗറി പോര്‍ട്ടര്‍ പാടും. അതേ ദിവസം പോര്‍ച്ചുഗീസ് ഗായിക ലിയാന, മനാമയിലെ ‘ലാ ഫൊണ്ടെയ്ന്‍ സെന്‍റര്‍ ഫോര്‍ കണ്ടംപററി ആര്‍ടി’ല്‍ പാടും. മാര്‍ച്ച് ഒമ്പതിനാണ് ഖാദിം അല്‍ സാഹിറിന്‍െറ പരിപാടി അറാദ് ഫോര്‍ട്ടില്‍ നടക്കുക. മറ്റൊരു ഗ്രാമി അവാര്‍ഡ് ജേതാവായ സീല്‍ മാര്‍ച്ച് 24ന് അറാദ് ഫോര്‍ട്ടില്‍ പാടും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.