ഇസ്ലാമിക് ബാങ്കിങ് മേഖലക്ക്  കൂടുതല്‍ പ്രോല്‍സാഹനം നല്‍കും 

മനാമ: ഇസ്ലാമിക് ബാങ്കിങ് മേഖലക്ക് കൂടുതല്‍ പരിഗണനയും പ്രോല്‍സാഹനവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭായോഗം  രാജ്യം 45 ാം ദേശീയ ദിനമാഘോഷിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും മുഴുവന്‍ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
 ഡിസംബര്‍ 16 രാജ്യത്തിന്‍െറ 45 ാമത് ദേശീയ ദിനമായും 17 അധികാരാരോഹണ ദിനവുമായാണ് ആചരിക്കുന്നത്. ആധുനിക ബഹ്റൈന്‍ രൂപവത്കരണത്തിന് നാന്ദികുറിച്ചത് 1783 ലാണെന്നും പിന്നീട് പൂര്‍ണ സ്വാതന്ത്ര്യമുള്ള രാഷ്ട്രമായി യു.എന്നില്‍ അംഗത്വം കിട്ടുകയും ചെയ്തു. 
സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടതിന്‍െറ വാര്‍ഷിക ദിനമാണ് ദേശീയ ദിനമായി കൊണ്ടാടപ്പെടുന്നതെന്നും ഇത്തരുണത്തില്‍ രാജ്യത്തിന് കൂടുതല്‍ പുരോഗതിയും ശാന്തിയും സമാധാനവും കരസ്ഥമാക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രിസഭആശംസിച്ചു. വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിക്കാന്‍ സാധിച്ചത്. 
ജനാധിപത്യം,രാഷ്ട്രീയ അവകാശം, സിവില്‍ നിയമങ്ങള്‍ എന്നിവ അംഗീകരിക്കുകയും നീതിന്യായ സംവിധാനം സ്വതന്ത്രമാക്കി നിലനിര്‍ത്തുകയും ചെയ്തുവെന്നത് ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും അന്താരാഷ്ട്ര വേദികളില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
മനുഷ്യ വിഭവ ശേഷിയെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയും അതുവഴി ലക്ഷ്യം വെച്ച പുരോഗതി നേടിയെടുക്കുന്നതില്‍ മുന്നേറാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. പരസ്പര സഹകരണത്തിന്‍െറയും സ്നേഹത്തിന്‍െറയും മത സഹിഷ്ണുതയുടെയും മാതൃകയാണ് ബഹ്റൈനിനെ ഇതര രാജ്യങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.  ആചാരങ്ങളും അനുഷ്ഠാനങ്ങളും യാതൊരു വിലക്കുമില്ലാതെ അനുഷ്ഠിക്കുന്നതിനുള്ള സൗകര്യവും എടുത്തു പറയേണ്ടതാണ്.  
ബഹ്റൈനില്‍ നടന്ന 37 ാമത് ജി.സി.സി ഉച്ചകോടിയുടെ വിജയത്തില്‍ മന്ത്രിസഭ സന്തോഷം പ്രകടിപ്പിച്ചു. ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ജി.സി.സി യൂനിയന്‍ എന്ന ആഗ്രഹം നടപ്പാക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാനും ബന്ധപ്പെട്ടവര്‍ക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു. 
 തീവ്രവാദം ചെറുക്കാനും വിദേശ രാജ്യങ്ങള്‍ ജി.സി.സി രാജ്യങ്ങളില്‍ നടത്തുന്ന ആഭ്യന്തര ഇടപെടലുകള്‍ ഒഴിവാക്കാനും  ഉച്ചകോടിയില്‍ തീരുമാനമായതായി വിദേശകാര്യ മന്ത്രി സഭയെ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. 
ബഹ്റൈനും സൗദിക്കുമിടയിലുള്ളത് മുറിച്ചെറിയാന്‍ കഴിയാത്ത ബന്ധമാണെന്നും ഇരുരാജ്യങ്ങളിലെയും ജനതകള്‍ ഒരൊറ്റ രാജ്യത്തെ പൗരന്‍മാരെ പോലെയാണ് കഴിയുന്നതെന്നും മന്ത്രിസഭ വിലയിരുത്തി. ജി.സി.സി ബ്രിട്ടന്‍ സംയുക്ത ഉച്ചകോടിയുടെ ഫലങ്ങളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. 
ബ്രിട്ടനുമായി വിവിധ മേഖലകളിലുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ സഹകരണം ശക്തിപ്പെടുത്താനും അതുവഴി മേഖലയില്‍ സമാധാന ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനും സാധിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. 12 ാമത് മനാമ ഡയലോഗ് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒന്നായിരുന്നുവെന്നും വിലയിരുത്തി. മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ അടയാളപ്പെടുത്താനും അതിന് ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ‘മനാമ ഡയലോഗി’ന് സാധ്യമായി.  രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്ത സൈനികരെ മന്ത്രിസഭ അനുസ്മരിച്ചു.  
ദേശീയ ദിനം അവരെ കുടി ഓര്‍ക്കാനുള്ള ദിവസമാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്താനുള്ള ശ്രമത്തിലേര്‍പ്പെട്ട പൊലീസ് സേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു. ഇസ്ലാമിക് ബാങ്കിങ് മേഖല പരിഷ്കരിക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങളൊരുക്കി അതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 
ഇതിനായി കൂടുതല്‍ സമ്മേളനങ്ങളും ഫോറങ്ങളും സംഘടിപ്പിക്കാനും നിര്‍ദേശിച്ചു. ഈജിപ്തിലെ  ചര്‍ച്ചിലും തുര്‍ക്കിയിലും നടന്ന തീവ്രവാദ സ്ഫോടനങ്ങളെ ശക്തമായി അപലപിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.