മന്ത്രിസഭായോഗം:  വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി വ്യാപിപ്പിക്കാന്‍ നിര്‍ദേശം

മനാമ: ലോകമെമ്പാടുമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം രാജ്യത്ത് ലഭ്യമാക്കുന്ന പദ്ധതി വ്യാപിപ്പിക്കാനായി ആരോഗ്യമന്ത്രാലയവും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്തുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. ദ്രവ വാതക രംഗത്തും എണ്ണ-വാതക ഖനനത്തിനായുള്ള സര്‍വെക്കുമായി റഷ്യയുമായുള്ള ധാരണാപത്രം ഒപ്പുവെക്കുന്നത് മന്ത്രിസഭ അംഗീകരിച്ചു. സ്കൂളുകളിലേക്കുള്ള വനിതാ അധ്യാപികമാരുടെ നിയമനം, അധ്യാപകരുടെ അലവന്‍സും ബോണസും, വിദേശത്തുള്ള ചികിത്സ, ശാസ്ത്രീയ ഗവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അഞ്ച് നിര്‍ദേശങ്ങളില്‍ നിയമകാര്യ മന്ത്രിതല സമിതിയുടെ മറുപടികള്‍ അംഗീകരിച്ചു. 
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യബ് ഉര്‍ദുഗാന്‍െറ പ്രത്യേക ക്ഷണപ്രകാരം രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ നടത്തിയ തുര്‍ക്കി സന്ദര്‍ശനം വിജയകരമായിരുന്നെന്നും ഗുദൈബിയ പാലസില്‍ നടന്ന മന്ത്രിസഭായോഗം വിലയിരുത്തി.

സന്ദര്‍ശന വേളയില്‍, പല സുപ്രധാന വ്യാപാര-സഹകരണ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധത്തിന് ആക്കം കൂട്ടാന്‍ ഇത് കാരണമാവും. ലോകനേതാക്കളും രാഷ്ട്രനായകരും പങ്കെടുത്ത ഇസ്തംബൂളിലെ സുല്‍ത്താന്‍ സലീം ഒന്നാമന്‍ പാലത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനവേളയിലും രാജാവ് പങ്കെടുത്തിരുന്നു. കഴിഞ്ഞ വെളളിയാഴ്ച ദക്ഷിണ തുര്‍ക്കിയില്‍ നടന്ന ഭീകരാക്രമണത്തെ മന്ത്രിസഭ ശക്തമായ ഭാഷയില്‍ അപലപിച്ചു.തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ പോരാട്ടത്തിന് ബഹ്റൈന്‍ എല്ലാവിധ പിന്തുണയും നല്‍കും. രാജ്യത്തെ ഭവനനിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അര്‍ഹരായവര്‍ക്കെല്ലാം വിതരണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിടം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 

ശാക്കൂറ, ദമിസ്ഥാന്‍, ജനൂസാന്‍, കറാന എന്നിവിടങ്ങളിലുള്ളവര്‍ക്കുള്ള ഭവനവിതരണം 2017അവസാനത്തോടെ പൂര്‍ത്തിയാകും. 
ജോവ്, അസ്കര്‍, അല്‍ദൂര്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാക്കും. വ്യക്തിഗത ലോണുകള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ഹൈ കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്‍െറ സഹകരണത്തോടെ വകുപ്പ് മന്ത്രാലയം ആരോഗ്യമേഖലയെ നവീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ കാബിനറ്റ് സെക്രട്ടറി ജനറല്‍ ഡോ.യാസിര്‍ ബിന്‍ ഈസ അല്‍നാസിര്‍ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT