തൊഴില്‍-വികസന മേഖലയിലെ വളര്‍ച്ച: പാര്‍ലമെന്‍റിന്‍െറ പങ്ക് പ്രശംസനീയം –തൊഴില്‍ മന്ത്രി

മനാമ: രാജ്യത്തെ തൊഴില്‍, വികസന മേഖലയിലെ വളര്‍ച്ചയില്‍ പാര്‍ലമെന്‍റിന്‍െറ പങ്ക് പ്രശംസനീയമാണെന്ന് തൊഴില്‍, സാമൂഹികവികസന മന്ത്രിയും എല്‍.എം.ആര്‍.എ ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് അംഗം മുഹ്സിന്‍ അലി അല്‍ബകരിയെ ഓഫിസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സാമൂഹികപുരോഗതി ലക്ഷ്യമിട്ട് മന്ത്രാലയം നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടികള്‍, സ്വകാര്യ മേഖലയിലെ നിയമനം എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ‘പ്രൊഡക്ടീവ് ഫാമിലി’ എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ കമ്യൂണിറ്റി സെന്‍ററുകളിലും പരിശീലനപരിപാടികള്‍ നടന്നുവരുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. തൊഴില്‍ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ലമെന്‍റ് നല്‍കിവരുന്ന പിന്തുണയെ മന്ത്രാലയം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. രാജ്യത്തെ ഭരണാധികാരികളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പൗരന്മാരുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങളെ മുഹ്സിന്‍ അലി അല്‍ബക്രി പ്രശംസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.