വ്യാപാരിയെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം:  മനാമ സൂഖിലും പരിസരത്തും  സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

മനാമ: സ്വര്‍ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് മുദ്ര ചാര്‍ത്തി വരുന്ന സമയത്ത് രണ്ടുപേര്‍ ചേര്‍ന്ന് വ്യാപാരിയെ ആക്രമിച്ച് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്ന സാചര്യത്തില്‍ മനാമ ഗോള്‍ഡ് സൂഖിലെ വ്യാപാരികള്‍ തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ആഗസ്റ്റ് രണ്ടിനാണ് അപ്സര ജ്വല്ളേഴ്സ് ഉടമ ജിതേന്ദ്ര പരേഖിനുനേരെ ആക്രമണം നടത്തി 20,000 ദിനാര്‍ വില വരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്.  ഉച്ച ഒരുമണിയോടടുത്ത് ഗോള്‍ഡ് സിറ്റിക്കു സമീപമായിരുന്നു സംഭവം. 
പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രാലയത്തിന്‍െറ ആസ്ഥാനത്താണ് ഹാള്‍മാര്‍ക്ക് ചെയ്യാനുള്ള ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് വ്യാപാരി ഇറങ്ങിയതുമുതല്‍, അക്രമികള്‍ ഇയാളെ പിന്തുടരുകയായിരുന്നു എന്ന് കരുതുന്നു. ഓറിയന്‍റല്‍ പാലസ് ഹോട്ടലിനടുത്ത് വെച്ചാണ് വ്യാപാരിയെ വട്ടമിട്ട് പിടിച്ചത്. 
തുടര്‍ന്ന് അക്രമികള്‍ തലപിടിച്ച് ചുമരില്‍ ഇടിച്ചതോടെ, ഇയാള്‍ വീണുപോയി. ഇയാളുടെ സഹോദരന്‍ കീര്‍ത്തി പരേഖിന് സമാനമായ അനുഭവം പോയ വര്‍ഷം നേരിടേണ്ടി വന്നിട്ടുണ്ട്. 
ബാബുല്‍ ബഹ്റൈന്‍ പൊലീസ് സ്റ്റേഷനിലും അദ്ലിയയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ഫോറന്‍സിക് സയന്‍സസിലും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും കഴിഞ്ഞ ദിവസം ജി.സി.സി. ഗോള്‍ഡ് ആന്‍റ് ജ്വല്ലറി അസോസിയേഷന്‍ അടിയന്തര യോഗം ചേര്‍ന്നതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. 
യോഗത്തില്‍ പരേഖ് ഉള്‍പ്പെടെ 30ഓളം സ്വര്‍ണ വ്യാപാരികള്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെയും കാപിറ്റല്‍ ഗവര്‍ണറേറ്റിലെയും  പ്രതിനിധികളും സന്നിഹിതരായിരുന്നു. 
സ്വര്‍ണാഭരണ പണിശാലകള്‍ക്കും ഗോള്‍ഡ് സൂഖിലും അല്‍ ഹദറാമി അവന്യൂവിലും അടിയന്തരമായി സുരക്ഷ വര്‍ധിപ്പിക്കണമെന്ന് യോഗത്തില്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. സ്വര്‍ണവ്യപാരികളുടെ സുരക്ഷാ ആശങ്കകള്‍ ഗൗരവകരമായി പരിഗണിക്കണമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് സാജിദ് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മനാമയിലും ഗുദൈബിയയിലുമുള്ള സ്വര്‍ണക്കടകളിലും മുമ്പും മോഷണം നടന്നിട്ടുണ്ട്. എന്നാല്‍, 2014ന് ശേഷം വ്യാപാരികളെ അക്രമിച്ച് സ്വര്‍ണം തട്ടുന്ന രീതിയാണ് കാണുന്നത്. ഹാള്‍മാര്‍ക്ക് ഓഫിസിലേക്ക് വ്യാപാരികള്‍ക്ക് പോയി തിരിച്ചുവരാനായി സുരക്ഷാഗാര്‍ഡുകളോടു കൂടിയ വാഹനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണം. അതോടൊപ്പം, സ്വര്‍ണപ്പണിക്കാര്‍ സംഘമായി പോകുന്നതും നല്ലതാണ്. പഴയ സി.സി.ടി.വി മാറ്റി അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്താന്‍ എല്ലാ സ്വര്‍ണവ്യാപാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് സാജിദ് പറഞ്ഞു. 
സ്വര്‍ണവ്യാപാരികള്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ വിളിക്കാനായി പൊലീസ് ഹോട്ട്ലൈന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സ്ട്രീറ്റുകളില്‍ കൂടുതല്‍ തെളിച്ചമുള്ള പ്രകാശസംവിധാനം വേണം.മനാമ ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെല്ലാം വെളിച്ചക്കുറവുണ്ട്. 
പരേഖിനെതിരായ ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഖാലിദ് അസ്സയാനി പ്രസ്താവനയിറക്കി. ഇത്തരം സംഭവങ്ങള്‍ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കവര്‍ച്ച തടയാനായി മനാമ സൂഖിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന വ്യാപാരികളുടെ ആവശയത്തെയും അദ്ദേഹം പിന്തുണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.