മനാമ: ബഹ്റൈനിലെ ഹിദ്ദില്‍ താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം പരവൂര്‍ സ്വദേശി അംബുജാക്ഷന്‍ (59) മരിച്ചു. ഇതേ അപകടത്തില്‍പ്പെട്ട തമിഴ്നാട് ട്രിച്ചി സ്വദേശി ശിവനാഥ് കാര്‍മേഘം (43) കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു.
അല്‍ അമീന്‍ കാര്‍ഗോ ക്ളിയറന്‍സ് കമ്പനിയില്‍ ഹെവി ഡ്രൈവറായ അംബുജാക്ഷനും എക്കൗണ്ടന്‍റായ ശിവനാഥ് കാര്‍മേഘവും ചെറിയ സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടെയായിരുന്നു അപകടം.അംബുജാക്ഷന്‍െറ ഭാര്യയും രണ്ടുകുട്ടികളും നാട്ടിലാണുള്ളത്.ഏപ്രില്‍ മൂന്നിനാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അത്യാഹിതം നടന്നത്. അംബുജാക്ഷന്‍ പാചകം ചെയ്യുകയും ശിവനാഥ് അടുത്ത് നില്‍ക്കുകയുമായിരുന്നു.
പെട്ടെന്ന് സിലിണ്ടറിലേയ്ക്ക് തീപടരുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമാണുണ്ടായത്.
ഗുരുതരമായ പൊള്ളലേറ്റ രണ്ടുപേരേയും ഉടന്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ 70 ശതമാനവും പൊള്ളലേറ്റിരുന്ന ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടന്നെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ടു പേരുടെയും മൃതദേഹം സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്നും കമ്പനിയുടമ മുഹമ്മദ് അല്‍ അമീന്‍ പറഞ്ഞു. തമിഴ്നാട് ഘടകം ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ ശിവനാഥന്‍െറ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.