മലയാളികള്‍  വിഷുത്തിരക്കില്‍

മനാമ: മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ വിഷുവിനുള്ള ഒരുക്കങ്ങള്‍ ബഹ്റൈനിലും സജീവം. പുതുവസ്ത്രങ്ങള്‍ വാങ്ങാനും വിഷുവിന് സദ്യയൊരുക്കാനുമുള്ള തിരക്കുകള്‍ രണ്ടുദിവസമായി സജീവമാണ്. മാളുകളിലും മറ്റും പ്രത്യേക വിഷു കൗണ്ടറുകള്‍ തുടങ്ങിയിട്ടുണ്ട്. പലയിടത്തും കസവുമുണ്ടുകള്‍ക്ക് നല്ല വില്‍പനയാണ്. പച്ചക്കറി കടകളില്‍ കണിവെള്ളരിയും കൊന്നപ്പൂവും വാഴയിലയും എത്തിയിട്ടുണ്ട്. വിഷുസദ്യ ബുക്കിങ് പല മലയാളി റെസ്റ്റോറന്‍റുകളും തുടങ്ങി ക്കഴിഞ്ഞു. ഒരു ദിനാര്‍ 700 ഫില്‍സ് മുതല്‍ സദ്യ ലഭ്യമാണ്. മാളുകളിലും സദ്യയുണ്ട്. കോള്‍ഡ് സ്റ്റോറുകളില്‍ പായസം മിക്സുകള്‍ക്ക് നല്ല ചെലവാണ്. ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി തുടങ്ങിയവയും കോള്‍ഡ് സ്റ്റോറുകളില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇത്തവണത്തെ മേടപ്പിറവി വ്യാഴാഴ്ചയാണെന്നതിനാല്‍, ഉച്ചക്കുള്ള ഊണ് പതിവുപോലെ ഓഫിസില്‍ നിന്നു തന്നെയാക്കേണ്ടി വരുമെന്ന സങ്കടം എല്ലാവര്‍ക്കുമുണ്ട്. വൈകീട്ടുള്ള ഒത്തുകൂടലിനായി കാത്തിരിക്കുകയാണ് ബഹ്റൈന്‍ മലയാളി സമൂഹം. പ്രമുഖ സംഘടനകള്‍ ഈസ്റ്റര്‍-വിഷു ആഘോഷം നടത്തി തുടങ്ങിയിട്ടുണ്ട്. 
പതിവുപോലെ എല്ലാ പ്രമുഖ അമ്പലങ്ങളിലും ഇത്തവണയും കണിയൊരുക്കുന്നുണ്ട്. കുടുംബമായി താമസിക്കുന്നവരില്‍ പലരും വീട്ടില്‍ തന്നെയാണ് കണിയൊരുക്കുന്നത്. 
മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിലുള്ള വിഷുക്കണി വ്യാഴാഴ്ച പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെ ബാബുല്‍ ബഹ്റൈനിലെ എയര്‍ ഇന്ത്യ ഓഫിസിന് എതിര്‍വശത്തുള്ള ഓള്‍ഡ് സന ബില്‍ഡിങിലെ മാസ് സെന്‍ററില്‍ കാണാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.