അവാലി മലയാളി കത്തോലിക്കാസമൂഹം:  രജത ജൂബിലി സമാപന  ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

മനാമ: അവാലി മലയാളി കത്തോലിക്ക സമൂഹത്തിന്‍െറ രജതജൂബിലി സമാപന ആഘോഷങ്ങള്‍ ഏപ്രില്‍ 12,13,14 തീയതികളില്‍ അവാലി ദേവാലയ അങ്കണത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 1991-ല്‍ ‘റിഫ പ്രാര്‍ഥന കൂട്ടായ്മ’ എന്ന പേരില്‍ റിഫ, അവാലി, സല്ലാക്ക് എന്നീ പ്രദേശങ്ങളിലെ മലയാളികളെ സംഘടിപ്പിച്ചാണ് ഈ കൂട്ടായ്മ നിലവില്‍ വന്നത്. ഈ കാലയളവില്‍ മനാമ തിരുഹൃദയ ദേവാലയത്തിലെ വികാരി ഫാ. ഫെലീഷ ഡെനീസ് ആണ് ബഹ്റൈന്‍ പെട്രോളിയം കമ്പനിയുടെ അധീനതയിലുള്ള ദേവാലയത്തില്‍ ആത്മീയശൂശ്രൂഷകള്‍ നടത്താന്‍ മലയാളികള്‍ക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍ എല്ലാ വ്യാഴാഴ്ചകളിലും ആരാധനയും വിശുദ്ധബലിയും ചൊവ്വാഴ്ച ദിവസങ്ങളില്‍ മധ്യസ്ഥ പ്രാര്‍ഥനകളും നടക്കുന്നുണ്ട്.  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ശുശ്രൂഷകളാണ് അവാലി ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12നും 13നും വൈകിട്ട് 7.30ന് പ്രത്യേക ദിവ്യബലികള്‍ ഉണ്ടായിരിക്കും. 14ന്വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ.സജി തോമസ് കപ്പൂച്ചിന്‍ കാര്‍മികത്വം വഹിക്കും.സഹകാര്‍മികരായി ഫാ.റാഫി വല്ലച്ചിറ, ഫാ.ജോയി മേനാച്ചേരി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക ആഘോഷങ്ങള്‍ നോര്‍തേണ്‍ അറേബ്യ വികാരിയേറ്റ് അധ്യക്ഷന്‍ കാമിലോ ബല്ലീന്‍ മെത്രാന്‍ ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങില്‍ അവാലി കത്തോലിക്ക സമൂഹത്തിന്‍െറ 25 വര്‍ഷത്തെ ചരിത്രമടങ്ങുന്ന സൂവനീര്‍ പ്രകാശനം ചെയ്യും. സമാപന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മനാമയില്‍നിന്നും വരുന്നവര്‍ക്കായി വൈകുന്നേരം 6.15ന് ക്രാഫ്റ്റ്സെന്‍ററില്‍നിന്നും വാഹന സൗകര്യം ഒരുക്കിയതായി  കണ്‍വീനര്‍ ഡേവിസ് മാത്യു, കോഓഡിനേറ്റര്‍ സോജന്‍ ആന്‍റണി എന്നിവര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.