മനാമ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പരാതി ഉന്നയിക്കാനുള്ള വേദിയായ ഓപണ്‍ഹൗസിലത്തെുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുന്നു. ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപണ്‍ഹൗസില്‍ നാലു പേര്‍ മാത്രമാണ് പരാതിയുമായി എത്തിയത്. ഓരോ മാസവും അവസാന വെള്ളിയാഴ്ച നടക്കുന്ന ഓപണ്‍ ഹൗസ് പരാതിയുമായി എത്തുന്ന ഇന്ത്യന്‍ പ്രവാസികളെക്കൊണ്ട് അടുത്ത കാലംവരെ നിറഞ്ഞിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി ഈ അവസ്ഥ മാറി. പരാതി ഉന്നയിക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അതിനാല്‍, അവര്‍ ഐ.സി.ആര്‍.എഫ് വളണ്ടിയര്‍മാരുടെയോ, സാമൂഹിക പ്രവര്‍ത്തകരുടെയോ സഹായം തേടിയാണ് എംബസി ഓപണ്‍ഹൗസില്‍ എത്തിയിരുന്നത്. പരാതിക്കാര്‍ മധ്യവര്‍ത്തികളുടെ തുണയില്ലാതെ നേരിട്ടത്തെുക എന്ന നയം ഈയിടെ എംബസി സ്വീകരിച്ചിരുന്നു. ഇതോടെ ഓപണ്‍ ഹൗസില്‍ എത്തുവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകരെല്ലാം സമ്മതിക്കുന്നുണ്ട്.
സാമൂഹികപ്രവര്‍ത്തകരുടെ വലിയ തോതിലുള്ള സാന്നിധ്യം ചില ഓപണ്‍ഹൗസുകളില്‍ ചര്‍ച്ചയായിരുന്നു. പരാതിക്കാരേക്കാള്‍ കൂടുതല്‍ സാമൂഹിക പ്രവര്‍ത്തകര്‍ എത്തുന്നു എന്നായിരുന്നു ആക്ഷേപം. ഏതാനും മാസങ്ങള്‍ക്കുമുമ്പ് തൊഴിലുടമയുടെ പീഢനത്തെ തുടര്‍ന്ന് കമ്പനി വിട്ട തൊഴിലാളികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ പിന്തുണയോടെ കൂട്ടമായി എംബസിയിലത്തെിയതും വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ, വിവിധ സംഭവങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ചില സാമൂഹിക പ്രവര്‍ത്തകരുടെ വിശ്വാസ്യത സംബന്ധിച്ചും പരാതി ഉയരുകയുണ്ടായി. ഈ സംഭവങ്ങളുടെയെല്ലാം തുടര്‍ച്ചയെന്നോണം കഴിഞ്ഞ രണ്ടുതവണത്തെ ഓപണ്‍ഹൗസുകളില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതോടെ, ഈ വേദികളില്‍ അവരുടെ സാന്നിധ്യം തന്നെ ഇല്ലാതായി. ഇത് ആത്യന്തികമായി സാധാരണക്കാരെയാണ് ബാധിച്ചത്.
ഉദ്യോഗസ്ഥരുടെ മുന്നില്‍ ആര്‍ക്കും നേരിട്ട് പരാതി അവതരിപ്പിക്കാം എന്ന് പറയുമ്പോഴും ഇതിനുള്ള മനോധൈര്യം എത്രപേര്‍ക്കുണ്ട് എന്ന ചോദ്യം ബാക്കിയാവുകയാണ്.
ജനിച്ച് അധികനാള്‍ കഴിയും മുമ്പേ മാതാപിതാക്കള്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാതിരുന്നതു മൂലമുള്ള പ്രശ്നം പൗരത്വം തന്നെ തെളിയിക്കാനാകാത്ത വിഷയമായി നീണ്ട സാഹചര്യത്തില്‍ സഹായഅഭ്യര്‍ഥനയുമായി മാതാവും മകനും ഓപണ്‍ ഹൗസിലത്തെി. പൗരത്വപ്രശ്നമുള്ളതുമൂലം പഠനം മുടങ്ങിയ സാഹചര്യമാണുള്ളതെന്ന് ഇവര്‍ പറഞ്ഞു. വിഷയം എംബസിയുടെ പരിധിയിലുള്ളതല്ളെങ്കിലും ആകുന്ന സഹായമെല്ലാം ചെയ്യാമെന്ന് അംബാസഡര്‍ അറിയിച്ചു. പൊതുമാപ്പ് നിലനില്‍ക്കുമ്പോഴും സുഹൃത്ത് റണ്‍എവെ കേസില്‍ ജയിലിലായ സംഭവം ഉന്നയിക്കാനാണ് കണ്ണൂര്‍ സ്വദേശിയായ ഉദയന്‍ ഓപണ്‍ഹൗസില്‍ എത്തിയത്. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിന്‍െറ ഉടമ, ആ സ്ഥാപനം വിട്ട ദേഷ്യത്തിലാണ് സജീവന്‍ എന്ന തന്‍െറ സുഹൃത്തിനെതിരെ കള്ളക്കേസ് കൊടുത്തതെന്ന് ഉദയന്‍ പറഞ്ഞു. പുതിയ സ്ഥാപനത്തില്‍ സജീവന്‍ ജോലിക്ക് കയറിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ഇവിടുത്തെ വിസ പുതുക്കാനുള്ള ആവശ്യത്തിനായി പൊലീസ് സ്റ്റേഷനിലത്തെിയപ്പോഴാണ് പഴയ സ്ഥാപനമുടമ നല്‍കിയ റണ്‍എവെ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലേക്കയക്കുന്നത്. പൊതുമാപ്പ് വേളയിലുള്ള റണ്‍എവെ അറസ്റ്റ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അംബസാഡര്‍ ഉറപ്പുനല്‍കി. ഓപണ്‍ഹൗസിനുശേഷം നടത്തുന്ന വാര്‍ത്താസമ്മേളനവും ഇത്തവണ ഉണ്ടായിരുന്നില്ല. ഓപണ്‍ ഹൗസില്‍ അംബാസഡര്‍ക്കുപുറമെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാംസിങ്, എംബസി അഭിഭാഷക,മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.