മനാമ: സബ്സിഡി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന മാംസവില്‍പനക്കാര്‍ കഴിഞ്ഞ ദിവസം നടന്ന മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ യോഗവേദിയില്‍ എത്തിയത്.
ഈ മാസം ഒന്നുമുതല്‍ മാംസസബ്സിഡി പിന്‍വലിച്ചതോടെ, മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മാംസ വ്യാപാരികള്‍ കച്ചവടം നടത്തിയിട്ടില്ല. മനാമയിലെയും ബഹുഭൂരിപക്ഷം കച്ചവടക്കാരും മാംസം എടുക്കുന്നില്ല. സബ്സിഡി പിന്‍വലിച്ച ശേഷം നേരത്തെ ഒരു ദിനാറിന് ലഭിച്ചിരുന്ന മാംസത്തിന്‍െറ വില കിലോക്ക് മൂന്ന് ദിനാര്‍ 200 ഫില്‍സ് ആയതോടെയാണ് വിപണിയില്‍ പ്രതിസന്ധിയുണ്ടായത്.
കഴിഞ്ഞ ദിവസം ബുസൈതീനിലെ മുഹറഖ്കൗണ്‍സില്‍ ഹെഡ്ക്വാട്ടേഴ്സില്‍ പ്രതിഷേധവുമായത്തെിയ 18അംഗ മാംസവ്യാപാരികളുടെ സംഘത്തില്‍ 80 വയസുള്ള ഒരാളും ഉണ്ടായിരുന്നു. അനുകൂല നടപടിയുണ്ടാകും വരെ സമരം തുടരുമെന്ന പോസ്റ്ററുകളുമായാണ് ഇവര്‍ എത്തിയത്. ഇതേ തുടര്‍ന്ന് കൗണ്‍സില്‍യോഗം നിര്‍ത്തി വച്ചു. ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ രേഖപ്പെടുത്തും വരെ ചേംബര്‍ വിട്ടുപോകാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല. പുതിയ തീരുമാനം മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുക, മാംസത്തിന്‍െറ ചില്ലറ വില്‍പന വില കിലോക്ക് ഒന്നര ദിനാര്‍ ആക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇവര്‍ മുന്നോട്ടുവച്ചത്. തുടര്‍ന്ന് ഈ ആവശ്യങ്ങളില്‍ വോട്ട്രേഖപ്പെടുത്തി, ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കാന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍സിനാന്‍ നിര്‍ദേശിച്ചു. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാലാണ് വ്യാപാരികള്‍ സമരത്തിനിറങ്ങിയതെന്ന് അല്‍ സിനാന്‍ പിന്നീട് പത്രത്തിനോട് പറഞ്ഞു. മാംസവില ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ലെറ്റ് ഇറ്റ് റോട്ട്’ എന്ന പേരില്‍ നടന്ന സോഷ്യല്‍മീഡിയ ഹാഷ്ടാഗ് കാമ്പയിന് ജനകീയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാംസ വില രണ്ടു ദിനാര്‍ ആണെങ്കില്‍ പോലും ആരും വാങ്ങാന്‍ ഇടയില്ല. അത്രയും തുക കൊടുത്ത് മാംസം വാങ്ങാന്‍ ജനങ്ങള്‍ക്കാകില്ല. ഇത്രയും ദിവസങ്ങളായി പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മാംസവ്യാപാരികളുടെ ആവശ്യത്തെ താന്‍ പിന്തുണക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.മാംസവ്യാപാരികള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചത്തേു.
നിലവില്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഏതാനും ചില കച്ചവടക്കാര്‍ മാത്രമാണ് ബഹ്റൈന്‍ ലൈവ്സ്റ്റോക് കമ്പനിയില്‍ നിന്ന് വില്‍പനക്കുള്ള മാംസം കൈപ്പറ്റി തുടങ്ങിയത്. അതും ചെറിയ അളവിലാണ് ഇവര്‍ സ്റ്റോക്ക് എടുക്കുന്നത്. ഭൂരിപക്ഷവും സമരപാതയിലാണ്. ജിദ്ഹാഫ്സ്, വാഖിഫ് എന്നിവടങ്ങളിലെ മാര്‍ക്കറ്റുകളില്‍ ആരും വില്‍പനക്ക് തയാറായിട്ടില്ല.
മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മാംസവ്യാപാരികളുടെ ഭാവി മൊത്തത്തില്‍ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇബ്രാഹിം അല്‍ ഫറാജ് പറഞ്ഞു. നിലവിലുള്ള മാര്‍ക്കറ്റ് പൊളിക്കാന്‍ പോകുകയാണ്. പുതിയ മാര്‍ക്കറ്റ് എവിടെയാകണമെന്ന കാര്യത്തില്‍ തീരുമാനവുമായിട്ടില്ല. ഞങ്ങള്‍ക്ക് കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കുന്നില്ല. വര്‍ക് പെര്‍മിറ്റും പുതുക്കാനായിട്ടില്ല. ഇപ്പോള്‍ കുട്ടികള്‍ പട്ടിണിയിലാകുന്ന സ്ഥിതിയാണ്. ഞങ്ങള്‍ മാംസം വാങ്ങിയാല്‍ തന്നെ അത് പൊതുജനം വാങ്ങുന്ന സാഹചര്യമല്ല നിലവിലുള്ളത്.ബി.എല്‍.സി നാള്‍ക്കുനാള്‍ വില കുറക്കുന്നുണ്ട്. എന്നാല്‍, പൊതുജനവിശ്വാസ്യത നേടിയെടുക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. -അദ്ദേഹം പറഞ്ഞു. കച്ചവടം നടക്കാത്തതു മൂലം പല മാര്‍ക്കറ്റുകളിലുമുള്ള പ്രവാസി ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം മുടങ്ങുമെന്നാണ് കേള്‍ക്കുന്നത്. ജോലിയെടുക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ജോലിയില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
മാംസ സബ്സിഡി പിന്‍വലിച്ചതിന് ബദലായി സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നിശ്ചിത തുക ബാങ്ക് വഴി നല്‍കി തുടങ്ങിയിട്ടുണ്ട്. ഓരോ കുടുംബത്തിലും ഗൃഹനാഥന് പ്രതിമാസം അഞ്ച് ദിനാറും പ്രായപൂര്‍ത്തിയായവര്‍ക്ക് മൂന്നര ദിനാറും കുട്ടികള്‍ക്ക് രണ്ടര ദിനാറുമാണ് ലഭിക്കുന്നത്. സര്‍ക്കാറിന്‍െറ ചെലവുചുരുക്കല്‍ നയത്തിന്‍െറ ആദ്യഘട്ടമെന്ന നിലക്കാണ് മാംസസബ്സിഡി ഒഴിവാക്കിയത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിപണിയിലുണ്ടായ ഇടിവാണ് ബഹ്റൈനെ ബാധിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്‍െറ കടം വാങ്ങല്‍ പരിധി അഞ്ച് ബില്ല്യണ്‍ ദിനാറില്‍ നിന്ന് ഏഴ് ബില്ല്യണ്‍ ദിനാറായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സബ്സിഡിയിനത്തില്‍ സര്‍ക്കാറിന് മൊത്തം 935 ദശലക്ഷം ദിനാര്‍ ആണ് ചെലവായത്. വരും നാളുകളില്‍, വൈദ്യുതി, വെള്ളം, പെട്രോള്‍ എന്നിവയുടെയും സബ്സിഡി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.