മന്ത്രിസഭാ യോഗം: പാര്‍ക്കുകളുടെയും കോര്‍ണിഷുകളുടെയും അറ്റകുറ്റപ്പണി നടത്തും

മനാമ: സൗദിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിനിടെയുണ്ടായ തീവ്രവാദ സ്ഫോടനത്തെ മന്ത്രിസഭാ യോഗം അപലപിച്ചു. 
ഖത്തീഫിലെ സൈഹാത്ത് പട്ടണത്തിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മതമൂല്യങ്ങള്‍ക്കും മാനവികതക്കും വിരുദ്ധമായ തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ സൗദിയിലെ സമാധാനവും സുരക്ഷയും തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. 
എല്ലാത്തരം തീവ്രവാദങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും രാജ്യത്ത് സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് സര്‍വ പിന്തുണയും നല്‍കുന്നതായൂം കാബിനറ്റ് വ്യക്തമാക്കി. ഐക്യത്തോടെ ജീവിക്കുന്ന ജനതയില്‍ വിഭാഗീയ ചിന്തകള്‍ പടര്‍ത്താനുള്ള ശ്രമത്തിനെതിരെ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അംഗങ്ങള്‍ പറഞ്ഞു. മുഹറഖിലെയൂം ഗലാലിയിലെയും പാര്‍ക്കുകളുടെയും കോര്‍ണിഷുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്താനും അവ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നിലനിര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ആളൊഴിഞ്ഞ പാര്‍ക്കുകള്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശമുയര്‍ന്നു. വിവിധ സ്കൂളുകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും ആവശ്യമായ ക്ളാസ് റൂമുകള്‍ താല്‍ക്കാലികമായി പണിയുന്നതിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സ്കൂളുകളില്‍ കുട്ടികള്‍ വര്‍ധിക്കുന്നതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 
രാസായുധങ്ങള്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനും നശിപ്പിക്കുന്നതിനുമായി വിദേശകാര്യ മന്ത്രി അവതരിപ്പിച്ച നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതിന്‍െറ നിയമപരമായ കാര്യങ്ങള്‍ പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നിയമകാര്യ മന്ത്രാലയ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും പാലിക്കുന്നതിന് ബഹ്റൈന്‍ സന്നദ്ധമാണെന്ന കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിരുന്നു.  2015ന് ശേഷമുള്ള വികസന അജണ്ട നടപ്പാക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു. യു.എന്‍ സമ്മേളനം പാസാക്കിയ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനും മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ചെലവ് കുറക്കുന്നതിനായി നടപടി സ്വീകരിക്കുന്നതിനും നയരൂപരേഖ തയാറാക്കുന്നതിന് മന്ത്രാലയ നിയമസമിതിയെ ചുമതലപ്പെടുത്തി. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ നയങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും പഠനം നടത്താന്‍ പരിസ്ഥിതികാര്യ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 
വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ‘ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ന്‍േറഡ് ഇന്‍ഡസ്ട്രിയല്‍ ക്ളാസിഫിക്കേഷന്‍’ നടപ്പാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. 
ഇതനുസരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ വിഭജിക്കപ്പെടും. പാര്‍ലമെന്‍റില്‍ നിന്നുള്ള വിവിധ നിര്‍ദേശങ്ങളും കാബിനറ്റ് ചര്‍ച്ച ചെയ്തു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT