നവരാത്രി: വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രമുഖരുടെ നീണ്ട നിര

മനാമ: കുരുന്നുകള്‍ക്ക് അറിവിന്‍െറ ആദ്യാക്ഷരം പകര്‍ന്നുനല്‍കാന്‍ മലയാളത്തിന്‍െറ പ്രതിഭകള്‍ ബഹ്റൈനില്‍ എത്തുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ വിവിധ സംഘടനകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. പ്രധാന സംഘടനകളെല്ലാം നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. ഈമാസം 23ന് നടക്കുന്ന പ്രധാന ചടങ്ങായ വിദ്യാരംഭത്തിന് കുട്ടികളുടെ രജിസ്ട്രേഷനുകളും ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരനായ കെ. സേതുവാണ് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ എത്തുന്നത്. നിരവധി സാഹിത്യ പ്രതിഭകളും സാംസ്കാരിക പ്രവര്‍ത്തകരും വര്‍ഷാവര്‍ഷം അതിഥികളായത്തെുന്ന സമാജം 2000ത്തിലാണ് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റി (എസ്.എന്‍.സി.എസ്) നവരാത്രി ആഘോഷവും വിദ്യാരംഭവും നടത്താറുണ്ട്. എസ്.എന്‍.സി.എസില്‍ ഇത്തവണ എത്തുന്നത് പ്രശസ്ത അധ്യാപകനും സാഹിത്യകാരനുമായ ഡോ. വെള്ളായനി അര്‍ജുനന്‍ ആണ്. 
നിരവധി കലാലയങ്ങളില്‍ അധ്യാപകനും സാക്ഷരതാമിഷന്‍ തലവനുമായിരുന്നു ഇദ്ദേഹം. ഒ.എന്‍.വി, മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവരാണ് മുമ്പ് എസ്.എന്‍.സി.എസില്‍ എത്തിയിട്ടുള്ളത്. 
നവരാത്രി വേളയില്‍ സംഗീത കച്ചേരികളും മറ്റും നടത്തുന്ന കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷനില്‍ (എന്‍.എസ്.എസ്) പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷിയും ഭാഗവതാചാര്യനുമായ മേക്കാട്ടില്ലത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടാണ് ആദ്യാക്ഷരം പകരുന്നത്. നവരാത്രിയുടെ ഭാഗമായി ബഹ്റൈനിലെ സംഗീത വിദ്യാര്‍ഥികളുടെ കച്ചേരിയും ഇവിടെ നടക്കുന്നുണ്ട്.  ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ പ്രശസ്ത പിന്നണി ഗായകനായ ജി. വേണുഗോപാലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നതോടൊപ്പം സംഗീത പാഠങ്ങളും അദ്ദേഹം പകര്‍ന്നുനല്‍കും. നവരാത്രി ആഘോഷങ്ങള്‍കൊണ്ട് ധന്യമായ അറാദ് അയ്യപ്പക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഭജനകളും നടക്കുന്നുണ്ട്. വര്‍ഷാവര്‍ഷം നവരാത്രി ആഘോഷം വിപുലമായാണ് ക്ഷേത്രത്തില്‍ ആചരിക്കുന്നത്. 
പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറാണ് ഈ വര്‍ഷം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്. മുരുകന്‍ കാട്ടാക്കട, വിദ്യാധരന്‍ മാഷ് തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ വന്നിരുന്നത്.
ഓരോ വര്‍ഷവും ബഹ്റൈനിലെ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കാനായി വിവിധ സംഘടനകള്‍ പ്രശസ്തരെയാണ് കൊണ്ടുവരുന്നത്. നാട്ടിലെ ആഘോഷങ്ങളുമായി കിടപിടിക്കും വിധമാണ് ബഹ്റൈനില്‍ നവരാത്രി ആഘോഷിക്കപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT