കേരളീയ സമാജം ബാലകലോത്സവം: ഉയര്‍ന്ന പോയന്‍റ് നേടിയ കുട്ടിക്ക് കലാതിലക പട്ടം നല്‍കിയില്ളെന്ന് പരാതി

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന കുട്ടികളുടെ കലാ മാമാങ്കമായ ബി.കെ.എസ്-ദേവ്ജി  ബാലകലോത്സവത്തിലെ കലാതിലക പട്ടം നല്‍കിയതിനെക്കുറിച്ച് പരാതി. നിലവില്‍ കലാതിലകമായി സമാജം പ്രഖ്യാപിച്ച പ്രണിത നായര്‍ 51പോയന്‍റാണ് നേടിയത്. എന്നാല്‍ ബാലതിലകമായി തെരഞ്ഞെടുക്കപ്പെട്ട അമ്രീന്‍ ഉണ്ണികൃഷ്ണന്‍ വിവിധ ഇനങ്ങളിലായി 55 പോയന്‍റ് നേടിയിട്ടുണ്ട്. മലയാളം,ഹിന്ദി കവിതാലാപനം ഒന്നാം സ്ഥാനം, ഇംഗ്ളീഷ് കവിതാലാപനം എ ഗ്രേഡ്, മലയാളം, ഹിന്ദി സിനിമാഗാനം ഒന്നാം സ്ഥാനം, ലളിതഗാനം ഒന്നാം സ്ഥാനം എന്നിങ്ങനെയാണ് അമ്രീന്‍ നേടിയ സമ്മാനങ്ങള്‍.  55 പോയന്‍റ് നേടിയ കുട്ടിയെ മറികടന്ന് എങ്ങിനെ 51 പോയന്‍റ് നേടിയ ആളെ കലാതിലകമായി പ്രഖ്യാപിക്കും എന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. 
ബാലകലോത്സവത്തോടനുബന്ധിച്ച് മത്സരങ്ങള്‍ക്കുള്ള നിബന്ധനകള്‍ സമാജം വെബ്സൈറ്റില്‍ നേരത്തെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവുമധികം പോയന്‍റും ടാലന്‍റ് ടെസ്റ്റിലും ടാലന്‍റ് നൈറ്റിലും ഒരു സമ്മാനമെങ്കിലും നേടിയ പെണ്‍കുട്ടിക്കാണ് കലാതിലകം അവാര്‍ഡ് ലഭിക്കുക. മേല്‍പറഞ്ഞ നിബന്ധനകള്‍ക്കു പുറമെ ഒരു ഒന്നാം സമ്മാനവും ഒരു എ ഗ്രേഡുമെങ്കിലും ലഭിക്കുകയും വേണം. ഏവര്‍ റോളിങ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് കലാതിലകം അവാര്‍ഡ്. 
ആരോപണത്തില്‍ കഴമ്പില്ളെന്നും 2011മുതല്‍ സമാജത്തില്‍ കലാതിലക പട്ടം നല്‍കാന്‍ ഇതേ രീതിയാണ് തുടരുന്നതെന്നും കേരളീയ സമാജം ആക്ടിങ് പ്രസിഡന്‍റ് കെ.അബ്ദുല്‍ റഹ്മാനും സെക്രട്ടറി വി.കെ.പവിത്രനും പറഞ്ഞു. ബാലകലോത്സവ നടത്തിപ്പും ഫലപ്രഖ്യാപനവും വളരെ സുതാര്യമാണ്. പ്രായത്തില്‍ വലിയ അന്തരമുള്ള കുട്ടികള്‍ തമ്മില്‍ മത്സരിക്കുന്നത് യുക്തിസഹമല്ല എന്നതുകൊണ്ടാണ് അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒന്ന്, രണ്ട് ഗ്രൂപ്പുകളിലുള്ള കുട്ടികള്‍ക്കായി ബാലപ്രതിഭ, ബാലതിലകം പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയന്‍റ് കിട്ടിയ കുട്ടിക്ക് ആ ഗ്രൂപ്പില്‍ ബാലതിലകം പുരസ്കാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് മൂന്ന്, നാല്, അഞ്ചിലുള്ള മത്സരാര്‍ഥികളെയാണ് കലാതിലകം പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് സമാജം നേരത്തെ തീരുമാനമെടുത്തതാണ്. അത് ആ രീതിയില്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താനായില്ല എന്നതു മാത്രമാണ് സംഭവിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഇത്തരം നടപടികള്‍ സമാജവുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മനോവിഷമമുണ്ടാക്കുന്ന നടപടിയാണെന്ന് ബാലതിലകമായ അമ്രീന്‍െറ പിതാവ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വലിയ ഒരു മത്സരം നടക്കുന്ന വേളയില്‍ അതിന്‍െറ നിബന്ധനകളില്‍ വ്യക്ത ഉണ്ടാകേണ്ടതുണ്ട്. 
ഇത്തരം കാര്യങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ളെങ്കിലും വരും വര്‍ഷങ്ങളിലെങ്കിലും ഇത് തിരുത്താന്‍ സമാജം ഭാരവാഹികള്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 
കുറഞ്ഞ പോയന്‍റ് നേടുന്നയാള്‍ക്ക് ഉയര്‍ന്ന പദവി നല്‍കുന്ന യുക്തി കുട്ടികള്‍ക്ക് മനസിലാകണമെന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.