അക്കാദമിക മികവും സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ട്  മുന്നേറുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി 

മനാമ: അക്കാദമിക മികവും സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ സ്കൂള്‍ മുന്നോട്ടുപോകുമെന്ന് ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അറിയിച്ചു. പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം നടക്കാനിരിക്കുന്ന ആദ്യ പൊതുയോഗത്തിനുമുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ധനസമാഹരണത്തിനുള്ള വിവിധ പദ്ധതികള്‍ രക്ഷിതാക്കള്‍ക്കുമുന്നില്‍ അവതരിപ്പിച്ച്  അഭിപ്രായം തേടും. കെട്ടിട നിര്‍മാണത്തിന്‍െറ തിരിച്ചടവ് സ്രോതസായി കഴിഞ്ഞ കമ്മിറ്റി ബാങ്കിന് സമര്‍പ്പിച്ച രേഖയില്‍ ഫീസ് വര്‍ധന നടപ്പാക്കുമെന്നു പറഞ്ഞിട്ടുണ്ടെന്ന് കമ്മിറ്റിയംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സ്കൂളിന്‍െറ രക്ഷക്ക് മറ്റൊരു വഴിയും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ ഇപ്പോഴുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്.
അധ്യാപകരുടെ ഇന്‍ഡമിനിറ്റി തുക ചെലവഴിച്ചും ട്രാന്‍സ്പോര്‍ട് കമ്പനിക്ക് പ്രതിമാസം  കൊടുക്കേണ്ട തുക തിരിമറി നടത്തിയും മറ്റുമാണ് സ്കൂളിന്‍െറ  പ്രവര്‍ത്തനങ്ങള്‍  മുന്‍ കമ്മറ്റി നടത്തിവന്നിരുന്നത്. വരുമാനത്തില്‍ കവിഞ്ഞ ചെലവും  താങ്ങാനാകാത്ത കടവും ബാക്കിയാക്കിയാണ് അവര്‍ പടിയിറങ്ങിയത്.  
പുതിയ കമ്മിറ്റി രണ്ടു കാമ്പസുകളിലെ ട്രാന്‍സ്പോര്‍ട് കരാര്‍ രണ്ടു കമ്പനികള്‍ക്ക് നല്‍കി മെച്ചപ്പെട്ട സേവനവും സാമ്പത്തിക ലാഭവും ഉറപ്പാക്കി. കാന്‍റീന്‍ കരാര്‍ കൂടുതല്‍ വാടകക്ക് രാജ്യത്തെ ഏറ്റവും വലിയ കാറ്ററിങ് കമ്പനിക്ക് നല്‍കി. ക്ളീനിങ് രംഗം കാര്യക്ഷമമാക്കുകയും ചെലവ് കുറക്കുകയും ചെയ്തു. എല്ലാ ടെണ്ടറുകളും സ്കൂള്‍ വെബ്സൈറ്റില്‍ പരസ്യം ചെയ്ത് സുതാര്യമാക്കി. 
അക്കാദമിക കാര്യങ്ങളില്‍ സമൂലമായ പരിഷ്കരണം നടത്തി. വിവിധ മേഖലകളുടെ സൂക്ഷ്മ നിരീക്ഷണത്തിനും ഏകോപനത്തിനും വേണ്ടി മൂന്ന് വൈസ് പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു.  സ്കൂളിലെ ജോലി ഒഴിവുകള്‍ വെബ്സൈറ്റില്‍ പരസ്യം ചെയ്ത് യോഗ്യതയുള്ളവര്‍ക്കു മാത്രം ജോലിയും സ്ഥാനക്കയറ്റവും നല്‍കി. 
രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടഎല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍  ലഭ്യമാകുന്ന തരത്തില്‍ വെബ്സൈറ്റ് പരിഷ്കരിക്കുകയാണ്. കഴിഞ്ഞ കുറെവര്‍ഷങ്ങളായി മുടങ്ങിയ സ്കൂള്‍ രേഖകളിലെ വിവരങ്ങളുടെ പുന$പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഐ.ഡി കാര്‍ഡുകള്‍ സ്കൂളില്‍ തന്നെ പ്രിന്‍റ് ചെയ്യുക, മധ്യവേനല്‍ അവധിക്ക് നടത്താറുള്ള അറ്റകുറ്റപണികള്‍ സ്വന്തം ജീവനക്കാരെകൊണ്ടു തന്നെ പൂര്‍ത്തിയാക്കുക  തുടങ്ങിയ പരിഷ്കരണങ്ങളിലൂടെ ചുരുങ്ങിയ ചെലവിലും മെച്ചപ്പെട്ട സേവനം ലഭ്യമാക്കി.  ട്രാന്‍സ്പോര്‍ട് വിവരങ്ങള്‍ അതാതു സമയത്ത് രക്ഷിതാക്കളെ  അറിയിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു.  ഇത് ജി.പി.എസുമായി ബന്ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. എന്‍ട്രന്‍സ് പരീക്ഷക്ക് പരിശീലനം നല്‍കുന്നതിന് ‘എന്‍ട്രന്‍സ് അക്കാദമി’യും പാരിസ്ഥിതികാവബോധം വളര്‍ത്തുന്നത്തിനായി ‘നേചര്‍ ക്ളബ്ബും’ പ്രവര്‍ത്തനം തുടങ്ങി.അര്‍ഹരായവര്‍ക്ക് ഫീസിളവ് നല്‍കാന്‍ നടപടി സ്വീകരിച്ചു. 
പലവിധ ആരോഗ്യ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മന്ത്രാലത്തിന്‍െറ നിഷ്കര്‍ഷ അനുസരിച്ച് ഫസ്റ്റ് എയ്ഡ്റൂം നവീകരിച്ചു.കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഏറ്റവും പരാതികുറഞ്ഞ കലോത്സവമായിരുന്നു ഈ വര്‍ഷത്തേത്. നിഷ്പക്ഷത  ഉറപ്പുവരുത്തുന്നതിന് വിധികര്‍ത്താക്കളെ  ബഹ്റൈന് പുറത്തും നിന്നും കൊണ്ടുവന്നു.മുന്‍വര്‍ഷങ്ങളേക്കാള്‍ ചെലവുകുറച്ചാണ് ഇത് നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 408 കുട്ടികള്‍ക്ക്  ഈ വര്‍ഷം   അധിക പ്രവേശം നല്‍കി. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിമാസചെലവ്  കഴിഞ്ഞ വര്‍ഷം ഇതേമാസം ഉണ്ടായിരുന്നതിലും ഏകദേശം 8,000 ദിനാര്‍  കുറഞ്ഞു.  അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഫെയര്‍ വഴി ലഭിക്കുന്ന തുക കൊണ്ട്  ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നല്‍കുവാന്‍ പദ്ധതിയുണ്ട്.  
ചെലവുകള്‍ പരമാവധി കുറച്ചിട്ടും ഏകദേശം 30,000 ദിനാര്‍ പ്രതിമാസം നഷ്ടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  മുന്‍കമ്മിറ്റി അധികാരമൊഴിയുമ്പോള്‍ ഉണ്ടായിരുന്ന മൂന്നു ലക്ഷം ദിനാര്‍ ഉള്‍പ്പെടെ വലിയ കടത്തിലാണ്  ഇപ്പോള്‍ സ്കൂള്‍. 
ഇനിയും കടം എടുക്കുന്നതോ മറ്റേതെങ്കിലും തുക വകമാറ്റി താല്‍ക്കാലിക പരിഹാരം കണ്ടത്തെുന്നതോ  അല്ല ഈ പ്രശ്നത്തിനുള്ള പോംവഴി. ഇതിന്‍െറ നിജസ്ഥിതി രക്ഷിതാക്കളെ പൊതുയോഗത്തില്‍ ധരിപ്പിക്കും. ശാശ്വത പരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. 
അക്കാദമിക മികവിനായി അധ്യാപകരുടെ അധിക സേവനം പ്രയോജനപ്പെടുത്തും. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ട്യൂഷനുള്ള പ്രാധാന്യം കുറക്കും. 
പലവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ക്രിയാത്മക പ്രതിപക്ഷം ഇല്ലാതെപോയത് ദൗര്‍ഭാഗ്യകരമാണ്.  ദുരാരോപണങ്ങളും മാധ്യമങ്ങള്‍ വഴിയുള്ള പ്രസ്താവനകളുമല്ലാതെ സ്കൂളിന്‍െറ പുരോഗതിക്കുവേണ്ടി കൈകോര്‍ക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.  
തുടര്‍ച്ചാ അംഗത്തിന്‍െറ നിയമനം ഈ കമ്മറ്റിയുടെ അധികാര പരിധിയിലുള്ളതല്ല. മുന്‍ കമ്മറ്റിയില്‍ തന്നെയുള്ള ഒരു അംഗം തുടര്‍ച്ചാ അംഗത്തിനുവേണ്ടി നടത്തിയ തെരഞ്ഞെടുപ്പിനെ  ചോദ്യം ചെയ്ത് മന്ത്രാലയത്തിനും സ്കൂളിനും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മന്ത്രാലയത്തിന്‍െറ തീരുമാനം കമ്മറ്റി അംഗീകരിക്കും.   അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത  മികച്ച ഒരു വര്‍ഷം സ്കൂളിന് നല്‍കിയാണ്  കമ്മറ്റി പൊതുയോഗത്തെ അഭിമുഖീകരിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി ഷെമിലി പി.ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍,  പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, അസി. ജന സെക്രട്ടറി സി.ജി.മനോജ് കുമാര്‍, സജി ആന്‍റണി,മുഹമ്മദ് ഖുര്‍ഷിദ് ആലം,ജയ്ഫര്‍ മെയ്ദാനി,സജി മാര്‍ക്കോസ്, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി എന്നിവരും പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.