2,000ത്തോളം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്ന് എംബസി 

മനാമ: എല്ലാ മാസത്തെയും അവസാന വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യന്‍ എംബസി ‘ഓപണ്‍ ഹൗസ്’ ഇന്നലെ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെ സാന്നിധ്യത്തില്‍ നടന്നു. 
തൊഴിലിടങ്ങളിലുണ്ടായ ചില പ്രതിസന്ധികളും, പാസ്പോര്‍ട് വിഷയവും മറ്റുമായി പ്രവാസി ഇന്ത്യക്കാര്‍ പരാതികള്‍ ഉന്നയിച്ചു. നിയമപരമായ കുരുക്കുകളുള്ള വിഷയങ്ങള്‍ എംബസി അഭിഭാഷകയുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. 
വിസയില്ലാതെ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്ന സമയത്ത് എല്‍.എം.ആര്‍.എ പിടികൂടി പിഴയിട്ട സംഭവത്തിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമായി ഒരാള്‍ എത്തിയിരുന്നു. 
ഈ കേസില്‍ ഇയാള്‍ 100 ദിനാറും ഉടമ 2000 ദിനാറും പിഴയടക്കണമെന്ന് കോടതി ഉത്തരവായിരുന്നു. തൊഴിലാളി പിഴ അടച്ച് മൊബിലിറ്റിക്ക് ശ്രമിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. ഉടമ കോടതി വിധിക്കെതിരെ അപ്പീല്‍ പോയതാണ് കാരണം. ഈ കേസില്‍ തങ്ങള്‍ എല്‍.എം.ആര്‍.എയുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി മലയാളിയായ തൊഴിലാളി പറഞ്ഞു.    പൊതുമാപ്പ് വേള അവസാനിക്കാനായ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് തിരിച്ചുപോകാനായി എത്തുന്നവരുടെ തിരക്കാണുള്ളതെന്ന് അംബാസഡറും ഫസ്റ്റ് സെക്രട്ടറി രാംസിങും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുമാപ്പ് ആനുകൂല്യം ഏതാണ്ട് 2,000ത്തോളം ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 
എക്സിബിഷന്‍ സെന്‍റില്‍ നടന്ന ‘ജ്വല്ലറി അറേബ്യ’ ആഭരണ പ്രദര്‍ശനത്തില്‍ നിരവധി ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യമുണ്ടെന്നും ഇത് ഇന്ത്യന്‍ വിപണിക്ക് സഹായകരമാകുമെന്നും അംബാസഡര്‍ പറഞ്ഞു. 
ആഭരണ രംഗത്ത് ഇന്ത്യയില്‍ നിന്ന് വലിയ തോതിലുള്ള കയറ്റുമതി നടക്കുന്നുണ്ട്. ഇത്തരം പരിപാടികള്‍ അതിന് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.