വെള്ളം-വൈദ്യുതി സബ്സിഡി  ഒഴിവാക്കല്‍ ഉടന്‍ 

മനാമ: പ്രവാസികള്‍ക്കും വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്കും വെള്ളം, വൈദ്യുതി സബ്സിഡി ഒഴിവാക്കുന്ന കാര്യത്തില്‍ അധികം വൈകാതെ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സബ്സിഡി ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാറും എം.പിമാരും തമ്മില്‍ കൂടിയാലോചന സജീവമായി നടക്കുന്നുണ്ട്. 
സബ്സിഡി ഒഴിവാക്കുന്നത് പഠിക്കാന്‍ നിയോഗിച്ച സബ്കമ്മിറ്റി ചെയര്‍മാന്‍ ആദില്‍ അസൂമി എം.പിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. സബ്സിഡി കാര്യത്തില്‍ ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയുമായി പ്രാഥമിക ധാരണയില്‍ എത്തിയതായി അസൂമി അറിയിച്ചു. 
പ്രവാസികള്‍ക്ക് പുതിയ നിരക്കുകള്‍ തീരുമാനിക്കും മുമ്പ് കൂടുതല്‍ സാങ്കേതിക പഠനങ്ങള്‍ നടന്നേക്കും. വൈദ്യുതി, വെള്ളം സബ്സിഡി ഒഴിവാക്കുന്ന കാര്യത്തില്‍ 90 ശതമാനം കാര്യങ്ങളും പൂര്‍ത്തിയായതായി പറയുന്നു.  വന്‍കിട കമ്പനികളാണ് പ്രധാന ലക്ഷ്യം. വൈദ്യുതി, വെള്ളം സബ്സിഡികള്‍ എങ്ങനെ മാറ്റണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണെന്ന് അസൂമി പറഞ്ഞു. മാംസ സബ്സിഡി ഒഴിവാക്കിയപ്പോള്‍ സ്വദേശികള്‍ക്ക് സബ്സിഡി തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുന്നത്. ഈ സംവിധാനം തന്നെ സ്വീകരിക്കാം. അല്ളെങ്കില്‍ റേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്താം. റേഷന്‍ കാര്‍ഡ് നിര്‍ദേശം പാര്‍ലമെന്‍റ് മുന്നോട്ടുവെച്ചിട്ടുണ്ട്. അത് കാബിനറ്റ് പരിശോധിച്ചുവരികയാണെന്നും അസൂമി വെളിപ്പെടുത്തി. വരുമാനം വര്‍ധിപ്പിക്കാനായി അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സബ്സിഡികള്‍ വെട്ടികുറക്കാന്‍ പദ്ധതിയുണ്ടെന്ന് വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി കഴിഞ്ഞാഴ്ച അബൂദബിയില്‍ പറഞ്ഞിരുന്നു. 
സബ്സിഡി വെട്ടികുറക്കാന്‍ തുടങ്ങിയതായും അടുത്ത വര്‍ഷം  വൈദ്യുതി, വെള്ളം തുടങ്ങിയ മേഖലയിലെ സബ്സിഡയിലേക്കാണ് ശ്രദ്ധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. എണ്ണ വിലയിടിവില്‍നിന്നും എണ്ണ കയറ്റുമതി ചെയ്യുന്ന ഒരു രാജ്യവും മുക്തമല്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫിലെ സര്‍ക്കാറുകളെല്ലാം ചെലവ് നിയന്ത്രിക്കുകയും സബ്സിഡികള്‍ വെട്ടികുറക്കുന്നത് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങള്‍ക്കു സമാനമല്ല ബഹ്റൈന്‍െറ സ്ഥിതി. അയല്‍ രാജ്യങ്ങളെപ്പോലെ വലിയ കരുതല്‍ സമ്പത്ത് ബഹ്റൈനില്ല. എണ്ണ വിലയിടിവു മൂലം ബഹ്റൈന്‍െറ വരുമാനത്തില്‍ വലിയ കുറവ് വന്നതായും മന്ത്രി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.