വാഷിങ്ടണില്‍ വിദേശകാര്യ മന്ത്രി-ജോണ്‍ കെറി ചര്‍ച്ച

മനാമ: ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയുമായി ചര്‍ച്ച നടത്തി. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍െറ പ്രാധാന്യം ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി ഊന്നിപറഞ്ഞു. അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ രാജ്യത്തിന് താല്‍പര്യമുണ്ട്. 
ഇരുരാജ്യങ്ങള്‍ക്കും പൊതു താല്‍പര്യങ്ങളുള്ള വിഷയങ്ങളില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എസ് സന്ദര്‍ശനവേളയിലാണ് അദ്ദേഹം ജോണ്‍ കെറിയെ കണ്ടത്. അറബ് മേഖലയുടെ സുരക്ഷയും ഭദ്രതയും നിലനിര്‍ത്തുന്നതില്‍ അമേരിക്കക്ക് നിര്‍ണായക പങ്കുണ്ട്. 
ഇവിടെ വിവിധ ഭീഷണികള്‍ നേരിടുന്ന രാജ്യങ്ങളുമായി സഹകരിക്കാനുള്ള അമേരിക്കയുടെ സന്നദ്ധത പ്രശംസനീയമാണെന്നും ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു. 
ബഹ്റൈനുമായുള്ള സുദീര്‍ഘമായ ബന്ധം അനുസ്മരിച്ച കെറി രാജ്യത്തിന് പുരോഗതിയിലേക്ക് മുന്നേറാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ചു. മേഖലയിലെ വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 
യു.എസ്. സെനറ്റ് വിദേശകാര്യ സമിതി അധ്യക്ഷന്‍ ബോബ് കോര്‍കറുമായും മന്ത്രി ചര്‍ച്ച നടത്തി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.