പ്രവാസി തൊഴിലാളികള്‍ക്കായി അടക്കുന്ന നികുതി  കുറക്കാനുള്ള നിര്‍ദേശം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും

മനാമ: വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ച പ്രവാസി തൊഴിലാളികള്‍ക്കായി തൊഴിലുടമകള്‍ അടക്കുന്ന പ്രതിമാസ നികുതി കുറക്കാനുള്ള നിര്‍ദേശം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും. അഞ്ചില്‍ താഴെ പ്രവാസി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഓരോരുത്തര്‍ക്കുമായി പ്രതിമാസം അഞ്ചു ദിനാറും അഞ്ചില്‍ കൂടുതല്‍ പേരുള്ള സ്ഥാപനങ്ങള്‍ പത്തു ദിനാര്‍ വീതവുമാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (എല്‍.എം.ആര്‍.എ) നല്‍കേണ്ടത്. എന്നാല്‍ പത്തില്‍ കുറവ് പ്രവാസി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അഞ്ചും പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മാത്രം പത്തു ദിനാര്‍ വീതവും നല്‍കാനായി നിയമം പുതുക്കണമെന്ന നിര്‍ദേശമാണ് ഒരു സംഘം എം.പിമാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് പ്രമുഖ പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ നിര്‍ദേശം തങ്ങള്‍ക്ക് കാബിനറ്റ് നല്‍കിയ അധികാരത്തിലുള്ള കൈകടത്തലാണെന്ന് എല്‍.എം.ആര്‍.എ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തൊഴില്‍രഹിതരായ ബഹ്റൈനികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന ‘തംകീന്‍’ഫണ്ടിലേക്കാണ് തങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുക മാറ്റുന്നതെന്നും അവര്‍ വ്യക്തമാക്കി. 
2012ല്‍ 1.43ദശലക്ഷം ദിനാറും 2013ല്‍ 9.9 ദശലക്ഷം ദിനാറും പോയവര്‍ഷം 38.8 ദശലക്ഷം ദിനാറും പിരിച്ചെടുത്തിട്ടുണ്ടെന്ന് എല്‍.എം.ആര്‍.എ പാര്‍ലമെന്‍റിന് അയച്ച കത്തില്‍ പറയുന്നു. ഫീസ് ഘടനയില്‍ വരുത്തുന്ന ഏതൊരു മാറ്റവും ‘തംകീന്‍’ പദ്ധതികളെ ഗുരുതരമായി ബാധിക്കുമെന്നും കത്തിലുണ്ട്.എന്നാല്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ഇതുസംബന്ധിച്ച പാര്‍ലമെന്‍ററി നിര്‍ദേശത്തെ പിന്തുണച്ചു. ചെറുതും ഇടത്തരത്തിലുള്ളതുമായ സംരംഭങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്ന് ചേംബര്‍ അഭിപ്രായപ്പെട്ടു. 2008 മുതലാണ് ഈ നികുതി ഏര്‍പ്പെടുത്തിയത്. അന്ന് ഈ തീരുമാനം വ്യവസായ, വാണിജ്യ സമൂഹത്തിന്‍െറ പ്രതിഷേധത്തിന് കാരണമായിരുന്നു. 
2011 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കാലത്ത് കമ്പോളത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള സഹായം എന്ന നിലക്ക് ഈ ഫീസ് ഈടാക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇത് 63,000 സ്വകാര്യസ്ഥാപനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. പുതുതായി തുടങ്ങിയ ചെറുതും ഇടത്തരത്തിലുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ സമാനപിന്തുണ വേണ്ടി വന്നേക്കുമെന്ന് ചേംബര്‍ അഭിപ്രായപ്പെട്ടു.ചില സ്ഥാപനങ്ങള്‍ക്ക് ഈ ഫീസ് അടക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് തുണയാകുന്ന തീരുമാനത്തെ ചേംബര്‍ പിന്തുണക്കും. എന്നാല്‍ ഇതുകൊണ്ട് ‘തംകീന്‍െറ’ പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും അവര്‍ വ്യക്തമാക്കി. 
എം.പി അഹ്മദ് ഖറാത്തയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ നടക്കുന്നത്. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പണം അടക്കേണ്ടി വരുന്നതിനാല്‍, ചെറുകിട സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം പാര്‍ലമെന്‍റ് സര്‍വീസസ് കമ്മിറ്റിയോടു പറഞ്ഞു. ഇതു മൂലം ഇടത്തരം സ്ഥാപനങ്ങള്‍ക്കും ചെറിയ സ്ഥാപനങ്ങള്‍ക്കും കച്ചവടത്തില്‍ വളര്‍ച്ച കൈവരിക്കാനാകുന്നില്ല. 
ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സഹായകമാകുന്ന നടപടികളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ചൊവ്വാഴ്ച നടക്കുന്ന പാര്‍ലമെന്‍റില്‍ വിവിധ നിര്‍ദേശങ്ങളില്‍ വോട്ടെടുപ്പ് നടക്കും. 
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള ആദ്യ സര്‍ക്കാര്‍ കേന്ദ്രം, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവര്‍ക്കായുള്ള കെയര്‍ സെന്‍റര്‍, ഗാരേജുകളും വര്‍ക്ഷോപ്പുകളും റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT