കെ.എം.സി.സി രക്തദാനത്തിന് ആരോഗ്യമന്ത്രിയുടെ പുരസ്കാരം

മനാമ: ദേശീയദിനത്തോടനുബന്ധിച്ച് ‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’ എന്ന സന്ദേശത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ നടത്തിയ 10ാമത് രക്തദാന ക്യാമ്പിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ പുരസ്കാരം. ആരോഗ്യ മന്ത്രി സാദിഖ് അല്‍ ശിഹാബി ഒപ്പിട്ട പുരസ്കാര പത്രം സല്‍മാനിയ മെഡിക്കല്‍ സെന്‍റര്‍ രക്ത ബാങ്ക് മേധാവി ഡോ. ഫഖ്രിയ അലി ദര്‍വിഷ് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനും ജീവസ്പര്‍ശം കണ്‍വീനര്‍ എ.പി.ഫൈസലിനും കൈമാറി. ക്യാമ്പില്‍ 200ലധികം പേരാണ് രക്തദാനം നിര്‍വഹിച്ചത്. 18ന് ബി.ഡി.എഫ് ആശുപത്രിയില്‍ 11 ാമത് രക്തദാന ക്യാമ്പിലും 100ലേറെ പേര്‍ രക്തം ദാനം ചെയ്യും.
ബുധനാഴ്ചയോടെ ജീവല്‍സ്പര്‍ശം ക്യാമ്പിലൂടെ രക്തദാനം ചെയ്തവരുടെ എണ്ണം 2000 കവിഞ്ഞു. ക്യാമ്പിന് പുറമെ അടിയന്തര ഘട്ടങ്ങളില്‍ ബി.ഡി.എഫ് ഹോസ്പിറ്റലിലും കിങ് ഹമദ് ഹോസ്പിറ്റലിലും നിരവധി തവണ കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാമുള്ള അംഗീകാരമായാണ് ആരോഗ്യ മന്ത്രിയുടെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി. ജലീലിന്‍െറ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്‍റ് ഫഖ്രുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  
രോഗിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതുപോലും സ്വര്‍ഗം പ്രതിഫലം നല്‍കുന്ന കര്‍മമായി വിശുദ്ധ ഗ്രന്ഥത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് ശഹീര്‍ കാട്ടാമ്പള്ളി രക്തം നല്‍കി തുടക്കം കുറിച്ചു. തുടര്‍ന്ന് കെ.എം.സി.സി പ്രവര്‍ത്തകരും പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും നിരവധി സ്ത്രീകളും രക്തം നല്‍കി.
ഫഖ്രുദ്ദീന്‍ കോയ തങ്ങള്‍,  ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍,  കേരളീയ സമാജം പ്രസിഡന്‍റ്  വര്‍ഗീസ് കാരക്കല്‍, ജന. സെക്രട്ടറി  വി.കെ പവിത്രന്‍, വൈസ് പ്രസിഡന്‍റ് അനീസ് അബ്ദുറഹ്മാന്‍, സുബൈര്‍ കണ്ണൂര്‍, റഷീദ് മാഹി, കെ.ടി സലിം, എ.സി.എ ബക്കര്‍, ഗായകന്‍ ഫിറോസ് നാദാപുരം, സഈദ്, സ്കൈ അഷ്റഫ്, ജമാല്‍ കുറ്റിക്കാട്ടില്‍, ശങ്കര്‍ പള്ളൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. മുന്‍കൂട്ടി റജിസ്ട്രേഷനും ബഹ്റൈനിലെ എല്ലാ ഭാഗങ്ങളിലേക്കും പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ബഹ്റൈന്‍ ആരോഗ്യമന്ത്രാലയവുമായും ബഹ്റൈന്‍ ഡിഫന്‍സ് ഹോസ്പിറ്റലുമായും സഹകരിച്ച് മിഡിലീസ്റ്റിലെ പ്രമുഖ ട്രാവല്‍സ്കൂള്‍ ബാഗ് നിര്‍മാതാക്കളായ പാരാജോണിന്‍െറ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.