ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ബോഡി ബഹളത്തില്‍ മുങ്ങുമെന്ന് ഉറപ്പായി

മനാമ: ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹാരമില്ലാതെ തുടരുന്ന വേളയില്‍ ഇന്ന് നടക്കുന്ന ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ബോഡി ബഹളത്തില്‍ മുങ്ങുമെന്ന് ഉറപ്പായി. പ്രിന്‍സ് നടരാജന്‍ ചെയര്‍മാനായുള്ള പി.പി.എ ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന് അവതരണാനുമതി നല്‍കില്ളെന്നാണ് കഴിഞ്ഞ ദിവസം അവര്‍ അറിയിച്ചത്. ഇന്നലെ രാത്രി വരെ ചര്‍ച്ചകള്‍ നടന്നെങ്കിലും അനുരഞ്ജനമുണ്ടാക്കാനായിട്ടില്ളെന്നാണ് വിവരം.
പല വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് അവസാന നിമിഷം ചെയര്‍മാന്‍, സെക്രട്ടറി സ്ഥാനത്തിരിക്കുന്നവരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയവും ലഭിച്ചത്. ഡോ.കമറുദ്ദീന്‍ ചെയര്‍മാനെതിരെയും ജോസ് എഡ്വേഡ് സെക്രട്ടറിക്കെതിരെയുമാണ് അവിശ്വാസ പ്രമേയ അനുമതി തേടിയത്. ഇതുപ്രകാരം ജനറല്‍ ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അവിശ്വാസത്തിന് ലഭിച്ചാല്‍ സ്വാഭാവികമായും ചെയര്‍മാനും സെക്രട്ടറിയും രാജിവക്കേണ്ടിവരും. പ്രമേയം ലഭിച്ചത് ഭരണപക്ഷത്ത് ആദ്യം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അവര്‍ പിന്നീട് നിലപാട് കടുപ്പിക്കുകയായിരുന്നു. ഇത്തരമൊരു അവിശ്വാസ പ്രമേയത്തിന് നിയമസാധുതയില്ളെന്നാണ് ഭരണപക്ഷം പറയുന്നത്. എങ്കിലും ജനറല്‍ ബോഡിയില്‍ പരമാവധി സ്വന്തം അനുഭാവികളെ എത്തിക്കാനായി ഇരുപക്ഷവും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
ഏതെങ്കിലും മുന്നണിയോട് അനുഭാവമോ എതിര്‍പ്പോ ഇല്ലാത്ത രക്ഷിതാക്കള്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ പൊതുവെ വലിയ താല്‍പര്യം കാണിക്കാറില്ല. അത് ഇത്തവണയും ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും അഭിപ്രായമുണ്ട്. തുടര്‍ച്ചാഅംഗത്തിന്‍െറ നിയമനം നടക്കാത്ത വിഷമാകും യു.പി.പി പ്രധാനമായും ഉന്നയിക്കുക. ജനറല്‍ബോഡി തുടങ്ങുമ്പോള്‍ തന്നെ അവര്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടാനാണ് സാധ്യത. സ്വാഭാവികമായും ഇത് അധ്യക്ഷന്‍ നിഷേധിക്കുകയും ചെയ്യും. 
അതോടെ ജനറല്‍ ബോഡി തുടരാനാവാതെ വരികയോ ബഹളത്തില്‍ മുങ്ങുകയോ ചെയ്യാം. മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണിനെ തുടര്‍ച്ചാഅംഗമായി നിയമിക്കണം എന്നാണ് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി യു.പി.പി ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഒരുകാരണവശാലും അനുവദിക്കില്ളെന്ന് പി.പി.എയും വ്യക്തമാക്കിയിട്ടുണ്ട്. 
 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.പി.എ വിജയം നേടിയതിനുശേഷം പ്രിന്‍സ് നടരാജന്‍െറ നേതൃത്വത്തില്‍ അധികാരമേറ്റ കമ്മിറ്റിക്കെതിരെ കടുത്ത വിമര്‍ശമാണ് തുടക്കത്തില്‍ തന്നെ യു.പി.പി നടത്തിയിരുന്നത്. പി.പി.എ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ പാലിക്കുന്നില്ല, ഭരണം കുത്തഴിഞ്ഞു, രക്ഷിതാക്കള്‍ക്ക് പരിഗണന ലഭിക്കുന്നില്ല, ടെണ്ടറുകള്‍ സുതാര്യമല്ല തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. 
ഭരണസമിതിതന്നെയും സമുദായ സംഘടനകളുടെയും മറ്റും പ്രാതിനിധ്യമുള്ള കൂട്ടായ്മയായതിനാല്‍, വിവിധ തരം താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടി വന്നിട്ടുണ്ട്.
സബ്കമ്മിറ്റി തെരഞ്ഞെടുപ്പിലും മറ്റും ഇത് പ്രകടമായിരുന്നു. ഈ അകല്‍ച്ചയും ജനറല്‍ബോഡിയില്‍ ഭരണപക്ഷത്തെ പ്രതികൂലമായി ബാധിച്ചേക്കും.
9000ത്തോളം പേരുള്ളതില്‍ ശരാശരി 400ല്‍ താഴെ ആളുകള്‍ മാത്രം ജനറല്‍ ബോഡിക്ക് വരുന്നതാണ് ഇതുവരെയുള്ള ചരിത്രം. ഇതില്‍ പലരും ഇന്ത്യന്‍ സ്കൂള്‍ സ്റ്റാഫിന്‍െറ തന്നെ ഉറ്റവരും ബന്ധുക്കളും മറ്റും ആകുന്നതും പതിവാണ്. എങ്കിലും ഇന്ത്യന്‍ സ്കൂളിന്‍െറ ചരിത്രത്തില്‍ തുടര്‍ച്ചാ അംഗമില്ലാതെ നടക്കുന്ന ആദ്യ ജനറല്‍ ബോഡിയാകുമിതെന്നാണ് യു.പി.പി വൃത്തങ്ങള്‍ പറയുന്നത്. 
അതിനിടെ, ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിക്കെതിരായ അവിശ്വാസം തള്ളാന്‍ അവര്‍ക്ക് അധികാരമില്ളെന്നും ഇത് ഭരണഘടനാലംഘനമാണെന്നും യു.പി.പി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. യു.പി.പി തുടര്‍ച്ചാ അംഗമായി തെരഞ്ഞെടുത്ത എബ്രഹാം ജോണിനെതിരെ സ്റ്റാലിന്‍ ജോസഫ് നല്‍കിയ പരാതി അദ്ദേഹം തന്നെ പിന്‍വലിച്ച് ഇക്കാര്യം രേഖാമൂലം ഭരണസമിതിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി ഈ വിഷയത്തില്‍ പഴയ ന്യായം പറയാനാകില്ളെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് കാലത്ത് ഒമ്പത് മണിയോടെ തുടങ്ങുന്ന ജനറല്‍ ബോഡി ഉച്ച രണ്ടുമണിക്കാണ് അവസാനിക്കേണ്ടത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.