മനാമ: സ്പോണ്‍സര്‍ 12,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയതിനെ തുടര്‍ന്നു കഴിഞ്ഞ ആറുവര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പാലക്കാട് സ്വദേശി പൂക്കുന്നില്‍ യൂസുഫ് (45) നാട്ടിലേക്ക് തിരിച്ചു.
മകളുടെ വിവാഹത്തിനോ പിതാവും മാതാവും മരിച്ചപ്പോഴോ നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന യൂസുഫ് ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ ആനുകൂല്യത്തിലാണ് ഇന്നലെ വൈകീട്ട് യാത്ര തിരിച്ചത്. വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലക്കും എംബസിക്കും നന്ദി പറഞ്ഞാണ് അദ്ദേഹം ബഹ്റൈനോട് വിട പറഞ്ഞത്.
നിയമാനുസൃത രേഖകളില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കൃത്യമായി ജോലിപോലും ചെയ്യാന്‍ കഴിയാതെയാണ് ഇവിടെകഴിഞ്ഞത്. സ്പോണ്‍സര്‍ കേസ് നല്‍കിയതോടെ ട്രാവല്‍ ബാന്‍ വന്നതിനാലാണ് ഇയാളുടെ യാത്ര തടസപ്പെട്ടത്.
കേസില്‍ നിന്നു രക്ഷിച്ചു തന്നെ നാട്ടിലത്തൊന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് ഇദ്ദേഹം പലവാതിലിലും മുട്ടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊതുമാപ്പു പ്രഖ്യാപിച്ചപ്പോള്‍ ട്രാവല്‍ ബാന്‍ നീക്കാനായി സലാം സ്പോണ്‍സറുമായി പല വട്ടം സംസാരിച്ചപ്പോഴാണ് അദ്ദേഹം കേസുകള്‍ പിന്‍വലിക്കാന്‍ സന്നദ്ധനായത്. ഇതോടെ നാട്ടിലേക്ക് തിരിക്കാനുള്ള വഴിയും തെളിഞ്ഞു.
18 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ് യൂസുഫ്. ഇവിടെ വന്നതുമുതല്‍ ഹോട്ടല്‍ മേഖലയിലായിരുന്നു ജോലി. കഠിനാധ്വാനിയായ അദ്ദേഹം 2008 ലാണ് സ്വന്തമായി റസ്റ്റോറന്‍റ് തുടങ്ങാന്‍ ആലോചിച്ചത്. ഇതനുസരിച്ച് ഒരു സ്പോണ്‍സറെ കണ്ടത്തെി. വലിയൊരു തുക നാട്ടില്‍ നിന്നു ലോണെടുത്തായിരുന്നു തുടക്കം. തൊഴിലുടമക്ക് പ്രതിദിനം 25 ദിനാര്‍ നല്‍കാമെന്നായിരുന്നു ധാരണ. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്പോണ്‍സര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. നാട്ടിലെ ബാധ്യതകള്‍ തീര്‍ന്നിട്ടില്ലാത്തതിനാല്‍ യൂസുഫിന് സ്പോണ്‍സര്‍ക്ക് അധികം പണം നല്‍കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു സ്പോണ്‍സറുമായി വാക്കുതര്‍ക്കമുണ്ടാവുകയും കച്ചവടം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പാസ്പോര്‍ട്ട് തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാന്‍ സ്പോണ്‍സര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നു പാസ്പോര്‍ട്ട് ലഭിക്കാന്‍ പോലീസില്‍ പരാതി നല്‍കി. പോലീസില്‍ പരാതി നല്‍കിയതില്‍ പ്രകോപിതനായ സ്പോണ്‍സര്‍ യൂസുഫിനെതിരെ വലിയ സാമ്പത്തിക കുറ്റം ആരോപിച്ച് മറ്റൊരു കേസ് കൊടുക്കുകയായിരുന്നു.
പിന്നീട് ഒരു രേഖയുമില്ലാതെ പല കടകളിലും താല്‍ക്കാലിക ജോലി ചെയ്താണ് പിടിച്ചു നിന്നത്. 2014 ആഗസ്റ്റില്‍ എംബസിയില്‍ നിന്ന് ഒൗട്ട്പാസ് സംഘടിപ്പിച്ച് നാട്ടിലേക്കു പോകാന്‍ ശ്രമം നടത്തി. വിമാന ടിക്കറ്റെടുത്ത് എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് തന്‍െറ പേരില്‍ യാത്രാനിരോധം ഉള്ളതായി അറിയുന്നത്.
ഉടമ 12, 000 ദിനാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൂന്നോളം കേസുകൊടുത്തതായും അറിഞ്ഞു.അനുരഞ്ജന ചര്‍ച്ചകളില്‍ സ്പോണ്‍സറുടെ മനം മാറിയതാണ് യൂസുഫിന് തുണയായത്. ഭാര്യ ബള്‍ക്കീസും മൂന്നു മക്കളും അടങ്ങുന്നതാണ് യൂസുഫിന്‍െറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.