പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് അംബാസഡര്‍

മനാമ: ഇന്ത്യന്‍ അംബാസഡറായി അലോക് കുമാര്‍ സിന്‍ഹ ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്‍െറ സാന്നിധ്യത്തില്‍ നടന്ന ആദ്യ ഓപണ്‍ ഹൗസായിരുന്നു ഇന്നലത്തേത്. പതിവില്‍ കവിഞ്ഞ് നിരവധിപേര്‍ വിവിധ പരാതികളുമായി ഓപണ്‍ ഹൗസില്‍ എത്തി. പരാതിക്കാരോടൊപ്പമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ കൂടിയായപ്പോള്‍ എംബസി ഹാള്‍ നിറഞ്ഞിരുന്നു. 
ജോലിചെയ്തിരുന്ന സ്ഥാപനമുടമകള്‍ മുങ്ങിയതിനെ തുടര്‍ന്ന് ബഹ്റൈനില്‍ പെട്ടുപോയ ദുരിതകഥയുമായാണ് ഒരു ചെറുപ്പക്കാരന്‍ ഓപണ്‍ഹൗസിലത്തെിയത്. ഉടമകള്‍ മുങ്ങിയ സമയത്ത് സ്ഥാപനത്തിന് വലിയ ബാധ്യതയുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ ശേഷിക്കുന്ന ഒരേയൊരു ജീവനക്കാരനായ ഈ യുവാവിന്‍െറ പേരില്‍ സ്പോണ്‍സര്‍ കേസ് കൊടുത്തതോടെ ഇയാള്‍ക്ക് ട്രാവല്‍ബാന്‍ ആയി. പാസ്പോര്‍ട്ടും സ്പോണ്‍സറുടെ കൈവശമാണുള്ളത്. പൊതുമാപ്പ് കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ളെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നതു കൊണ്ടാണ് ഇയാള്‍ ഓപണ്‍ഹൗസിലത്തെിയത്. ഈ വിഷയം എംബസി അഭിഭാഷകയുമായി അടുത്ത ദിവസത്തെ ചര്‍ച്ചക്കായി മാറ്റിയിട്ടുണ്ട്. 
16 വയസുള്ള മകന്‍െറ പാസ്പോര്‍ട്ട് ലഭ്യമാക്കണമെന്ന അഭ്യര്‍ഥനയുമായി ഒരു മലയാളിയും ഓപണ്‍ഹൗസില്‍ എത്തി. ഇന്ത്യന്‍ പൗരത്വമുള്ള ഇയാളുടെ ഭാര്യ ബഹ്റൈനിയാണ്. എന്നാല്‍ മകന് പാസ്പോര്‍ട്ടില്ല. മകന് ഇന്ത്യന്‍ പൗരത്വം വേണമെന്നാണ് തന്‍െറ ആഗ്രഹമെന്ന് ഇദ്ദേഹം പറഞ്ഞു. 16വര്‍ഷമായിട്ടും പാസ്പോര്‍ട്ട് എടുക്കാത്തതുമൂലം ചില സാങ്കേതികത്വങ്ങളുണ്ടെന്നാണ് ഇദ്ദേഹത്തിന് മറുപടി ലഭിച്ചത്. എന്നാലും അപേക്ഷ നല്‍കാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. 
കോഴിക്കോട് ചിട്ടി നടത്തുന്ന ആള്‍ ഇവിടെ ജോലി ചെയ്യുന്ന ആളില്‍ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി വാങ്ങിയ ശേഷം തിരിച്ചുകൊടുക്കാത്ത പരാതിയും ഓപണ്‍ ഹൗസില്‍ എത്തി. ഡെപ്പോസിറ്റ് വാങ്ങിയ ആള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയായതുകൊണ്ടാണ് പണം ലഭിക്കാത്ത ആള്‍ പരാതിയുമായി എംബസിയില്‍ എത്തിയത്. ഓപണ്‍ഹൗസ് ഇന്ത്യ പ്രവാസികള്‍ക്കുമൊത്തം ഗുണകരമാകുന്ന രൂപത്തില്‍ തുടരുമെന്ന് അംബാസഡര്‍ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ പറഞ്ഞു. ബഹ്റൈനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഇതിന്‍െറ ഗുണഫലങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി സാമൂഹിക സംഘടനകളുമായി സഹകരിക്കും. ബോധവത്കരണ പ്രവര്‍ത്തന പദ്ധതികളും ആവിഷ്കരിക്കും. മതിയായ രേഖകളില്ലാതെ ബഹ്റൈനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തണം. നിലവില്‍ എത്രപേര്‍ക്ക് കൃത്യമായി രേഖകള്‍ ഇല്ല എന്ന കാര്യത്തില്‍ ഒരു കണക്ക് ലഭ്യമല്ല. എന്നാല്‍, ഇ-മൈഗ്രേഷന്‍ നിലവില്‍ വന്നതോടെ, ഭാവിയില്‍ കാര്യങ്ങള്‍ അങ്ങനെയാകില്ല. ഈ സംവിധാനത്തിന് മാറ്റം വരും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പുറം നാടുകളിലേക്ക് പോകുന്നവരുടെ എല്ലാ വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാകും. കൃത്യമായ ഒരു ഡാറ്റാബെയ്സ് ഉണ്ടാകും. തൊഴിലാളിയും തൊഴിലുടമയും ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ, സേവന-വേതന കാര്യങ്ങളില്‍ ഉള്‍പ്പെടെ യഥാര്‍ഥ വിവരം ലഭ്യമാകും. 
യാത്രാനിരോധവുമായി കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വരും ദിനങ്ങളില്‍ ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അംബാസഡര്‍ വ്യക്തമാക്കി. ഫസ്റ്റ് സെക്രട്ടറി രാംസിങ്, അഭിഭാഷക ബുഷ്റ യൂസുഫ്, ഐ.സി.ആര്‍.എഫ് അംഗങ്ങള്‍ തുടങ്ങിയവരും ഓപണ്‍ ഹൗസില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.