മനാമ: കൊല്ലം തൃക്കടവൂര്‍ സ്വദേശി അലോഷ്യസ് ഏണസ്റ്റ് എന്ന 60 കാരനെ സാമൂഹിക പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂല താങ്ങിയെടുത്താണ് ഓപണ്‍ഹൗസില്‍ എത്തിച്ചത്. പരാതികള്‍ പറയാന്‍ ഊഴം കാത്തിരിക്കുന്നവര്‍ക്കിടയിലൂടെ, ഇപ്പോള്‍ വീഴുമെന്ന മട്ടിലുള്ള അലോഷ്യസിന്‍െറ വരവു കണ്ടമാത്രയില്‍ തന്നെ അംബാസഡര്‍ അദ്ദേഹത്തെ കാര്യവിവരമറിയാനായി വിളിച്ചു. ഓപണ്‍ ഹൗസില്‍ ഇരിക്കുമ്പോള്‍ നരച്ച മുടിയും തളര്‍ന്ന ശരീരവമുള്ള ആ മനുഷ്യന്‍െറ മുഖത്ത് നിരാശയല്ലാതെ മറ്റൊരു ഭാവവും ഉണ്ടായിരുന്നില്ല. 30വര്‍ഷത്തോളം പ്രവാസിയായ ഇദ്ദേഹത്തിന് കഴിഞ്ഞ ഏഴു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. പാസ്പോര്‍ട്ട്, വിസ, സി.പി.ആര്‍ തുടങ്ങി ഒരു രേഖയും കയ്യിലില്ല. റാസ്റുമാനില്‍ ബംഗ്ളാദേശുകാരുടെ ഇടുങ്ങിയ താമസസ്ഥലത്തെ ഒരു കോണിലാണ് അന്തിയുറങ്ങുന്നത്. സ്വന്തം ജീവിതത്തെ കുറിച്ചു പറയുമ്പോള്‍ ഇദ്ദേഹം കണ്ണീരടക്കാന്‍ പാടുപെടുകാണ്. കണ്ണുകാണാന്‍ വയ്യാത്ത അദ്ദേഹത്തിന് പരസഹായമില്ലാതെ യാത്രപോലും സാധ്യമല്ല.
സലാംമമ്പാട്ടുമൂല എത്തിക്കുന്ന ഭക്ഷണവും അദ്ദേഹത്തിന്‍െറ കാരുണ്യം മൂലം ലഭ്യമാക്കുന്ന ചികിത്സയുമാണ് ഈ മനുഷ്യന്‍െറ ജീവന്‍ നിലനിര്‍ത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഇഞ്ചക്ഷനെടുക്കാന്‍ സലീം എത്താറാണ് പതിവ്. സഹപ്രവര്‍ത്തകന്‍െറ ചതിയില്‍ പെട്ട് മടക്കയാത്രയെന്ന പ്രതീക്ഷയസ്തമിച്ചു കഴിയുകയായിരുന്ന ഇദ്ദേഹത്തിന് പുതുതായി പ്രഖ്യാപിച്ച പൊതുമാപ്പാണ് ആശയുടെ ഇത്തിരിവെട്ടം പകര്‍ന്നത്. എന്നാല്‍ ചതില്‍പെട്ട് തന്‍െറ ഉത്തരവാദിത്തമായി തീര്‍ന്ന 3500 ദിനാറിന്‍െറ കടബാധ്യതയുടെ പേരില്‍ ഒരു സ്ഥാപനം നല്‍കിയ കേസിനെ തുടര്‍ന്നുണ്ടായ ട്രാവല്‍ബാന്‍ നിലനില്‍ക്കുന്നതിനാല്‍ കഷ്ടകാലം തീരുമെന്ന വിശ്വാസം ഇപ്പോഴും അലോഷ്യസിനില്ല.
സഹപ്രവര്‍ത്തകന്‍ ചവിട്ടിത്താഴ്ത്തിയ ദുരിതത്തിന്‍െറ പടുകുഴിയില്‍ കഴിയവെ ഈ മനുഷ്യനെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയത് കടുത്ത ആഘാതമായി. ഗള്‍ഫില്‍ തരക്കേടില്ലാത്ത ജോലികളുമായി കഴിയവെയാണ് തൃശൂരില്‍ നിന്നുള്ള ലീലയെ വിവാഹം കഴിച്ചത്. അതില്‍ ജോബി, ജോക്സി എന്നീ രണ്ടു മക്കളുണ്ടായി. കഷ്ടപ്പാടിന്‍െറ നാളുകളില്‍ ഭാര്യ അവരുടെ വീട്ടിലേക്കു തിരിച്ചു പോവുകയായിരുന്നെന്ന് അലോഷ്യസ് പറഞ്ഞു. വിവാഹിതരായ രണ്ടു പെണ്‍മക്കളും പിതാവിനെ ഓര്‍ക്കാതായി. താന്‍ ചെന്നുപെട്ട ദുരിതാവസ്ഥ ആരും വിശ്വസിക്കുന്നില്ല എന്നാണ് അലോഷ്യസ് പറയുന്നത്. കൊല്ലത്തുണ്ടായിരുന്നു സ്ഥലം വിറ്റാണ് അലോഷ്യസ് വിജയന്‍ എന്ന ആളുമായി ചേര്‍ന്ന് സ്വന്തമായി നിര്‍മ്മാണ സ്ഥാപനം തുടങ്ങിയത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം ഏറെ നാള്‍ മുന്നോട്ടു പോയി. അതിനിടെ നാട്ടിലേക്കു പോയ വിജയന്‍ തിരിച്ചു വന്നില്ല. വിജയന്‍ കമ്പനിക്കുവേണ്ടി 1000 ദിനാറിന്‍െറ സാധനങ്ങള്‍ കടം വാങ്ങിയിരുന്നു. ഇതിനായി ഉപയോഗിച്ചത് അലോഷ്യസിന്‍െറ സി.പി.ആറും മറ്റുമാണ്. ആ പണം തിരിച്ചടക്കാന്‍ അലോഷ്യസിനു സാധിച്ചില്ല. അതു പലിശയും കൂട്ടുപലിശയുമായി 3500 ദിനാറായി മാറുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് ട്രാവല്‍ ബാന്‍ വന്നത്.ഇപ്പോള്‍ കൊല്ലത്ത് കുടുംബ വീട്ടില്‍ ഒരു ബന്ധുവുണ്ട്. നാട്ടില്‍ എത്തിയാല്‍ അവരോടൊപ്പം ജീവിക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് അലോഷ്യസ് പറയുന്നു. ഒരിക്കല്‍ ഒൗട് പാസുമായി യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ട്രാവല്‍ബാനുള്ള വിവരം അറിയുന്നത്.
അലോഷ്യസിന്‍െറ രോഗ വിവരങ്ങളുടെ റിപ്പോര്‍ട് എംബസിയില്‍ എത്തിക്കാനാണ് ഓപണ്‍ ഹൗസില്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ നിര്‍ദ്ദേശിച്ചത്. രോഗവിവരങ്ങളും പ്രായാധിക്യവും കണക്കിലെടുത്ത് ആരെങ്കിലും സഹായമത്തെിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സലാം പറഞ്ഞു. അതോടൊപ്പം, ഈ വിവരങ്ങള്‍ അലോഷ്യസിനെതിരെ പരാതി നല്‍കിയ സ്ഥാപനത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.