വിനോദ് കെ. ജേക്കബ് (ഇന്ത്യൻ അംബാസഡർ)
ഭാരതത്തിന്റെ ചരിത്രത്തിലും ഇന്നത്തെ ജീവിതത്തിലും ഗാനങ്ങൾക്ക് ഒരു പ്രധാന പങ്കുവഹിക്കാനുണ്ട്. ഇന്നും, ഗാനങ്ങൾ രാജ്യത്തിന്റെ ദേശീയ സത്തയെ ഒപ്പിയെടുക്കുന്നു. ഗാനങ്ങൾ കാലഘട്ടത്തിന്റെ പൊതുവായ പ്രവണതകളെ പ്രതിഫലിപ്പിക്കുകയും, സമൂഹത്തിൽ വിനോദവും മൂല്യങ്ങളും ഒരുപോലെ വളർത്തുകയും ചെയ്യുന്നു. അത്തരമൊരു മനോഹര ഗാനമാണ് ‘വന്ദേ മാതരം’, ഭാരതത്തിന്റെ ദേശീയ ഗീതം. 1875 നവംബർ ഏഴിന് ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ ഗാനം, അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന നോവലിന്റെ ഭാഗമായി ‘ബംഗദർശൻ’ എന്ന സാഹിത്യ ജേണലിൽ പരമ്പരയായി ആദ്യമായി പ്രസിദ്ധീകരിച്ചു. പിന്നീട് 1882ൽ ഇത് ഒരു പുസ്തകമായി പുറത്തിറങ്ങി.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ കീഴിലായിരുന്ന 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ‘വന്ദേ മാതരം’ രചിക്കപ്പെട്ടത്. എല്ലാ ഇന്ത്യക്കാർക്കുമിടയിൽ ഉണർവും ഐക്യബോധവും ആത്മാഭിമാനവും ഈ ഗാനം ശക്തമായി പ്രകടിപ്പിച്ചു. കാലക്രമേണ, അത് രാഷ്ട്രത്തോടുള്ള ആദരവിന്റെയും ഭക്തിയുടെയും സ്തുതിഗീതമായി പരിണമിച്ചു. ‘വന്ദേ മാതര’ത്തിന്റെ ജനപ്രീതിയും സ്വാധീനവും കാരണം, 1950 ജനുവരിയിൽ ഭാരതത്തിന്റെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇതിന് ‘ഭാരതത്തിന്റെ ദേശീയ ഗീതം’ എന്ന പദവി നൽകി. ‘ജനഗണമന’ക്ക് ദേശീയ ഗാനം എന്ന അതേ പദവിയാണ് ‘വന്ദേ മാതര’ത്തിനും അദ്ദേഹം നൽകിയത്.
കഴിഞ്ഞ ഏകദേശം എട്ട് പതിറ്റാണ്ടിനുള്ളിൽ, ഇന്ത്യൻ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ‘വന്ദേ മാതരം’ കൂടുതൽ പ്രാധാന്യം നേടി. ഔദ്യോഗിക ചടങ്ങുകളിലും പൊതു പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് ഇന്നും ഒരു പ്രത്യേക ആദരവ് നിലനിർത്തുന്നു. ഈ വർഷം ‘വന്ദേ മാതര’ത്തിന്റെ 150ാം വാർഷികമാണ്. ചരിത്രത്തിലൂടെയുള്ള അതിന്റെ മഹത്തായ യാത്ര ഓർമിക്കുന്നത് എനിക്ക് അഭിമാനവും സംതൃപ്തിയും നൽകുന്നു.
(ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറാണ് ലേഖകൻ. 2023 ആഗസ്റ്റ് മുതൽ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നു.
കാഴ്ചപ്പാടുകൾ വ്യക്തിപരമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.