കുവൈത്തിൽ കഴിഞ്ഞ ദിവസം രാവിലെ രൂപംകൊണ്ട മഞ്ഞ്
കുവൈത്ത് സിറ്റി: രാജ്യത്ത് രാത്രിയും പുലർച്ചയും രൂപപ്പെടുന്ന കനത്ത മൂടൽമഞ്ഞ് വിമാന സർവിസുകളെ ബാധിക്കുന്നു. വെള്ളിയാഴ്ചയും രാവിലെയുള്ള സർവിസുകളെ മൂടൽമഞ്ഞ് തടസ്സപ്പെടുത്തി. പുലർച്ചയോടെ രൂപപ്പെട്ട കനത്ത മഞ്ഞു കാരണം ചില വിമാനങ്ങൾ അയൽ രാജ്യങ്ങളുടെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്തിൽനിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി. എന്നാൽ വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വിമാന സർവിസുകൾ പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എസി.എ) അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് കാരണം പല ദിവസങ്ങളിലും തിരശ്ചീന ദൃശ്യപരത 100 മീറ്ററിൽ താഴെയായി മാറുന്നുണ്ട്. ഇത് വിമാനങ്ങളുടെ ഇത് സുരക്ഷിതമായ ലാൻഡിങ്ങിനും ഭീഷണി ഉയർത്തുന്നതാണ്. ഇത്തരംഘട്ടങ്ങളിൽ കുവൈത്തിലേക്കുള്ള വിമാനങ്ങൾ സമീപരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുവിടുകയാണ്.ഞായർ, വ്യാഴം ദിവസങ്ങളിലും മൂടൽമഞ്ഞ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവിസുകളെ ബാധിച്ചിരുന്നു. മെച്ചപ്പെട്ട കാലാവസ്ഥയും തിരശ്ചീന ദൃശ്യപരതയും വർധിച്ചതിനെത്തുടർന്ന് രണ്ടു ദിവസവും രാവിലെ 11മണിയോടെയാണ് സർവിസുകൾ പുനരാരംഭിച്ചത്.
ഇതിന് പിറകെയാണ് വെള്ളിയാഴ്ചയും സർവിസുകൾ വഴിതിരിച്ചുവിട്ടത്. അതേസമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് പി.എ.സി.എ വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
ഇന്നും നാളെയും മഴക്ക് സാധ്യത
കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത മൂടൽമഞ്ഞും അസ്ഥിരകാലാവസ്ഥയും തുടരും. ശനി, ഞായർ ദിവസങ്ങളിൽ നേരിയ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. മഞ്ഞ് പടരുന്നതോടെ തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയും ചില പ്രദേശങ്ങളിൽ പൂജ്യത്തിലെത്താനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.