ദുബൈ എയർഷോ നടക്കുന്ന ദുബൈ വേൾഡ് സെൻട്രലിൽ തടിച്ചുകൂടിയ സന്ദർശകർ (ചിത്രം എ.എഫ്.പി)
ദുബൈ: ദുബൈ വേൾഡ് സെൻട്രലിൽ നടക്കുന്ന എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനമായ ‘തേജസ്സ്’ തകർന്നുവീണ സംഭവത്തിൽ ഐക്യദാർഢ്യവുമായി യു.എ.ഇ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വ്യോമസേന പൈലറ്റിന്റെ കുടുംബത്തിനും ഇന്ത്യൻ സർക്കാറിനും അനുശോചനവും ദുഃഖവും അറിയിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
എയർഷോയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചക്ക് 2.10ഓടെയാണ് ‘തേജസ്സ്’ വിമാനം അപകടത്തിൽപെടുന്നത്. ഉടൻ ബന്ധപ്പെട്ട അതോറിറ്റികൾ പ്രതികരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയുംചെയ്തിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് (എച്ച്.എ.എൽ) വികസിപ്പിച്ചതാണ് ‘തേജസ്സ്’ യുദ്ധവിമാനം.
അതേസമയം, ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണ വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ പ്രവാസികൾ കേട്ടത്. വൻ ശബ്ദത്തോടെയാണ് വിമാനം തകർന്നുവീണത്. വലിയ രീതിയിൽ പുക ഉയർന്നത് ആശങ്കയുണ്ടാക്കി. എയർഷോയുടെ അവസാന ദിനമായതിനാൽ പ്രവാസികൾ ഉൾപ്പെടെ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
എങ്കിലും, ദുബൈ പൊലീസ് കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ നടത്തിയിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഉച്ചക്ക് 1.30ഓടെ ഇന്ത്യയുടെ സൂര്യ കിരൺ ടീം ഇന്ത്യ-യു.എ.ഇ ബന്ധത്തെ ആഘോഷിക്കുന്നതിനായി ആകാശത്ത് വർണവെളിച്ചം വിതറിയതോടെ കാണികൾ കൈയടിയോടെയാണ് സ്വീകരിച്ചത്.
പിന്നാലെ 2.10നാണ് ‘തേജസ്സ്’ പ്രകടനത്തിനായി ആകാശത്തേക്ക് പറന്നുയർന്നത്. ഏതാണ്ട് മൂന്നു മിനിറ്റിന് ശേഷം നിയന്ത്രണം നഷ്ടപ്പെടുകയും കുത്തനെ താഴേക്ക് പതിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.